Saturday, February 19, 2011

അഭയം തേടുന്ന യാത്ര.....

കയറ്റവും ഇറക്കവും താണ്ടി കാര്‍ മുന്നോട്ടു കുതിച്ചു.

മുപ്പതു വര്‍ഷത്തെ അജ്ഞാതവാസം തീരുകയാണിന്ന്..

കണ്ണടച്ചാല്‍ എന്നും മറവി കൊണ്ട് മൂടാന്‍ ശ്രമിക്കുന്നതേ തെളിയുന്നുള്ളൂ,പരിചയമുള്ള കണ്ണുകളെ നേരിടാന്‍ ഇനിയും മനസ്സ് തയ്യാറായില്ലെന്നോ?....

ഞാന്‍ വീണ്ടും കണ്ണടച്ചു..തിരശ്ശീലയിലെന്നോണം തെളിയുകയാണു..ലക്ഷ്യബോധമില്ലാത്ത യാത്ര തുടങ്ങിയതും..എല്ലാം.

അമ്മ പോയപ്പോത്തന്നെ കൂട്ടുകുടുംബത്തില്‍ ഞാനൊരധികപ്പറ്റായി. തകര്‍ന്നുപോയ എനിക്ക് ആകെയുണ്ടായിരുന്ന ആശ്വാസം വേണുവുമായുള്ള ചങ്ങാത്തമായിരുന്നു,പിന്നെ ശാലിനിയും..വാതിലില്‍ പാതി മറഞ്ഞ ചന്ദനക്കുറിയിട്ട മുഖം.. മനസ്സില്‍ ഇന്നും അതു പോലെ തന്നെയുണ്ട്‍...

കാവിലെ ഉത്സവത്തിനു ആറ്റിനക്കരെ നിന്നും വന്നവര്‍ ബഹളമുണ്ടാക്കി,അതിലൊരുവന്‍, മദ്യപിച്ചിരുന്ന അയാള്‍ വേണുവിനു നെരെ തിരിഞ്ഞു..ഞാന്‍ അയാളെ ഒന്നു തള്ളിയതേ ഉള്ളൂ,..ചെന്നു വീണത് കല്ലിന്മേല്‍, ബോധം പൊയ അയാളെ ആശുപത്രിയില്‍ കൊണ്ടുപോയി,.പിറ്റേദിവസം ഞങ്ങളെ അയാളുടെ മരണവാര്‍ത്തയാണു എതിരേറ്റത് . എനിക്കു വേണ്ടി ആരുമറിയാതെ അവന്‍ കുറ്റമേറ്റു,ശാലുവും ഞാനും തമ്മിലുള്ള ബന്ധം  അവന് അറിയാമായിരുന്നെന്ന് അന്ന് ഞാനറിഞ്ഞു ...,പെങ്ങളെ നന്നായി നോക്കിക്കൊള്ളണമെന്നും പറഞ്ഞല്ലേ അവന്‍ പോയത്. ഞാന്‍..പക്ഷേ. .ആകെ പതറിപ്പോയിരുന്നു. അന്ന് എന്താ ചെയ്യേണ്ടത് എന്ന് ഒരെത്തും പിടിയും കിട്ടീല്ല. എല്ലാത്തില്‍ നിന്നും ഒരൊളിച്ചോട്ടം ..അതാണാഗ്രഹിച്ചതും . .എത്തിപ്പെട്ടത് പാലക്കാട്..റെയില്‍വേ സ്റ്റേഷനില്‍, അവിടെ നിന്ന് ഒരു നല്ല മനുഷ്യന്റെ കാരുണ്യത്താല്‍ അയാളുടെ കൂടെ കുറേ വര്‍ഷങ്ങള്‍...ഒടുവില്‍ അദ്ദേഹത്തിന്റെ മകളെ സ്വീകരിക്കണം എന്നുള്ള അപേക്ഷ തള്ളാന്‍ സാധിക്കാതിരുന്നതും.......എല്ലാം ഇന്നലെയെന്നപോലെ.

എല്ലാരേം കാണണമെന്നുണ്ടെന്ന് അവള്‍ പറയാറുണ്ടായിരുന്നു, കാഴ്ചയില്ലെങ്കിലും, ഒടുവില്‍ അവളും പോയപ്പോള്‍ വീണ്ടും ഞാന്‍..ഞാന്‍ മാത്രം തനിച്ചായി..

സ്വയം തീര്‍ത്ത വിധി...

'സാര്‍ ,ആല്‍ത്തറയെത്തി, ഇവിടെ നിര്‍ത്തിയാല്‍ മതിയോ?'

മയക്കത്തില്‍ നിന്നും  ഉണര്‍ന്ന ഞാന്‍ കണ്ണട ഊരി തുടച്ച് തിരികെ വച്ചു.
'വേണ്ട, കുറച്ചൂടെ മുന്നോട്ട് പോട്ടെ"..
കാര്‍ വീണ്ടും നീങ്ങി..വളവു കഴിഞ്ഞ് ഒന്ന് ..കുറച്ചൂടെ മുന്നോട്ട്.., രണ്ടാമത്തെ വീട്..ഇവിടെ എവിടെയോ ആയിരുന്നു എന്റെ വേണൂന്റെ വീട്..ഈ കാണുന്നത് ..അത് വീടു തന്നെയോ? , ഞാന്‍ കാറില്‍ നിന്നും ഇറങ്ങി, നടക്കല്ലുകള്‍ എല്ലാം അടര്‍ന്ന് പോയിരിക്കുന്നു.ആള്‍പ്പെരുമാറ്റമില്ലാത്തപോലെ. മുറ്റത്തെ തെങ്ങിന്റെ പ്രേതം നരച്ച മുടികള്‍ക്കിടയിലൂടെ എന്നെ നോക്കി.

‘ആരെ കാണാനാ?’
 കാറിനു സമീപത്തേക്ക് നടന്നെത്തിയ  അപരിചിതന്‍ ചോദിച്ചു , ഒരു കൈയ്യില്‍ നിന്നും സഞ്ചി മറുകൈയിലേക്കു മാറ്റി -നാട്ടുകാരനാണെന്നു തോന്നിപ്പിക്കുന്ന ശരീരഭാഷ.

‘ ഇവിടെ..., ഈ വീട്ടില്‍ ആരുമില്ലേ?’...

‘ഈ വീട്ടിലോ’ അപരിചിതന്റെ വാക്കുകളില്‍ പരിഹാസം.
‘അതേ, അപ്പോള്‍ വേണു ഇവിടയല്ലേ താമസം?’

‘ഇവിടെ ഞാന്‍ വന്നതിനു ശേഷം ആരെയും കണ്ടിട്ടില്ല, പിന്നെ ഇതാരപ്പാ ഈ വേണു?’...

‘എന്നു വച്ചാല്‍ ?’

‘എന്റെ സാറെ, ഞാന്‍ ഇവിടെ വന്നിട്ടിപ്പോ പത്തുപതിനഞ്ചു കൊല്ലായി, ഇനീപ്പോ അതിനു മുന്‍പത്തെ കാര്യമൊന്നും എനിക്കറീല്ല കേട്ടോ..എന്നാല്‍ ആ കാണുന്ന കവലയില്‍‍ ഒന്നു ചോദിച്ചോളൂ’ അപരിചിതന്‍ നടന്നു നീങ്ങി.

കവലയോ?...എന്തായാലും ഒന്നു നോക്കാം, അപ്പു കാര്‍ മുന്നോട്ടുനീക്കി....ഗ്രാമത്തിന്റെ മഖഛായ ആകെ മാറിയിരിക്കുന്നു.വീടുകള്‍,. റോഡ്.. ..ആദ്യം കണ്ട പലചരക്കു കടയില്‍ത്തന്നെ കയറി

‘ ഇവിടെ ..ആ വളവിനപ്പുറത്തുള്ള വീട്ടിലെ വേണു...’

'വേണുവോ?'

'ഇവിടെ ആ വളവിനപ്പുറം ആദ്യം കാണുന്ന വീട്'

‘ഏത് ആ പഴയ പൊളിഞ്ഞു വീഴാറായ ..?’

‘അതേ, അതുതന്നെ’

‘അവരൊക്കെ ഇവിടെനിന്നും പോയിട്ട് കൊല്ലം കുറെയായി കേട്ടോ, കൂടുതല്‍ വിവരമൊന്നും എനിക്കറിഞ്ഞൂടാ’
അയാള്‍ കൈ മലര്‍ത്തി.

‘ആല്‍ത്തറക്കടുത്ത്  ചായക്കച്ചോടം നടത്തിയിരുന്ന കുഞ്ഞേട്ടന്‍ ? ഇപ്പോ ആ കടയും അവിടെയില്ലല്ലോ?’

‘ഓ അതോ അതു റോഡ് വീതി കൂട്ടിയപ്പം സര്‍ക്കാര്‍ പൊളിപ്പിച്ചു, ആളിപ്പോ വീട്ടില്‍ തന്നെയാ..തീരെ വയ്യ’ 

''താമസം ..അവിടെ ആല്‍ത്തറക്കു പിന്നിലുള്ള വഴിയിലൂടെ പോയാല്‍ ...... അവിടെത്തന്നെയല്ലേ?'

'വേണ്ട വേണ്ട ..ഈ നടപ്പാതയിലൂടെ ഇറങ്ങിയാല്‍ മതി..വയല്‍ക്കരയില്‍ കാണുന്ന ആദ്യത്തെ വീടാ...ആല്‍ത്തറക്കു പിന്നിലൂടെയും പോകാം കേട്ടോ'...............

നല്ല സൗഹൃദങ്ങള്‍ കുഞ്ഞേട്ടന്റെ സമ്പാദ്യങ്ങളായിരുന്നു.. കടയില്‍ വരുന്ന ആള്‍ക്കാര്‍ക്ക് അന്നത്തെ പത്ര വിശേഷങ്ങള്‍ പകര്‍ന്നു കൊടുക്കുന്നത് ഒരു ഹരമായിരുന്നു കുഞ്ഞേട്ടന്‌..

'ഞാന്‍ നടന്നോളാം അപ്പൂ,കാര്‍ ഇവിടെ കിടക്കട്ടെ..   വയല്‍ക്കാറ്റേറ്റ് നടന്നിട്ടെത്ര കാലമായി'
അടുത്തെത്തിയപ്പോള്‍ ആല്‍മുത്തശ്ശന്‍ പരിചയഭാവത്തില്‍ തലയാട്ടി, വരാന്‍ വൈകിയതിന്റെ പരിഭവത്തോടെ..

ആല്‍ത്തറയും കടന്ന് എന്റെ ബാല്യവും കൌമാരവും പുതഞ്ഞു കിടക്കുന്ന വയല്‍ വരമ്പിലൂടെ...

പിറകില്‍ ആല്‍ത്തറയിലെ പഴയ കൂട്ടായ്മയല്ലേ ഞാന്‍ കാണുന്നത്? പത്രം ഉയര്‍ത്തിപ്പിടിച്ച് തര്‍‍ക്കിക്കുന്നത് മണിയേട്ടന്‍ തന്നെ..

പുതിയ നടപ്പാത പാടത്തെ രണ്ടായി കീറിയിരിക്കുന്നു...പാതയില്‍ വാഹനങ്ങളുടെ ചക്രങ്ങള്‍ തീര്‍ത്ത സമാന്തര രേഖകള്‍ ..

നേരെ തന്നെ പോയി നോക്കാം, ഊഹം തെറ്റിയില്ല കമുകിന്‍ തോട്ടത്തില്‍ വെള്ള പൂശിയ ഒരു വീട്. 'കുഞ്ഞേട്ടന്റെ വീടല്ലേ?'

'അതേ, അപ്പൂപ്പന്‍ ഉറക്കാന്നു തോന്നുന്നു...ആരാ?'

'അപ്പൂപ്പന്റെ ഒരു പരിചയക്കാരനാ...മോന്റെ പേരെന്താ?' ഒന്നും പറയാതെ അവന്‍ കളിവണ്ടിയുമെടുത്ത് അകത്തൊളിച്ചു.

'ആരാ മനസ്സിലായില്ല..' ജാനു ഏടത്തി ...പ്രായം അവരെ ഏറെ തളര്‍ത്തിയിരിക്കുന്നു.

'ഞാന്‍ ... വിശ്വനാ...വിശ്വനാഥന്‍ , കുന്നുമ്മലെ ശാരദയുടെ മകന്‍ ' ജാനുവേടത്തി സംശയഭാവത്തില്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കി.... 

'എന്റെ കുട്ടീ ....എനിക്കു മനസ്സിലായില്ല കേട്ടോ....വാ കയറിയിരിക്ക്. ഞാന്‍ കുഞ്ഞേട്ടനെ വിളിക്കാം..രണ്ടു ദിവസായി തീരെ വയ്യ.' 

കുഞ്ഞേട്ടന്‍ വരുന്നുണ്ട്...വാതില്‍പ്പടിയില്‍ പിടിച്ച് എന്നെ നോക്കി കിതച്ചുകൊണ്ട് ചോദിച്ചു...
'എനിക്കിപ്പോ കണ്ണൊന്നും പിടിക്കുന്നില്ലാ...വിശ്വന്‍.. പണ്ട് നാടുവിട്ടുപോയ ചെക്കന്‍...അല്ലേ?'നീയിപ്പോ എവിടെയാ?എന്തേ വന്നത് '

കാണേണ്ടത്  അവനെ -വേണൂനെയാണെന്ന് ...എങ്ങിനെ? ഒടുവില്‍ കുഞ്ഞേട്ടന്‍ തന്നെ ചോദിച്ചു
' അവനെ നീ കണ്ടാരുന്നോ? പാവം, എന്തൊക്കെ സഹിച്ചു'
എനിക്കു മുഖമുയര്‍ത്താനേ കഴിയുന്നില്ല.'അവനെ കാണാനാ ഞാന്‍ വന്നത്..പക്ഷേ..' നിലത്തേക്കു നോക്കി ഞാന്‍ പറഞ്ഞു,അപ്പോഴേക്കും കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു.

'ജയിലില്‍ നിന്നും ഒന്നു രണ്ടു തവണ എന്നെ കാണാന്‍ വന്നിരുന്നു,'എന്റെ കൈ പിടിച്ച് കറേ നേരം ഒന്നും മിണ്ടാതിരിക്കും..കുറച്ചു നേരം കരയും കുട്ടികളെപ്പോലെ..പെങ്ങളുടെ കാര്യത്തില്‍ വല്ലാത്ത വിഷമമുണ്ടായിരുന്നു..പിന്നെ വീട് വില്‍ക്കണം എന്നും പറഞ്ഞിരുന്നു,പിന്നെ വന്നില്ലാന്നു തോന്നുന്നു' കുഞ്ഞേട്ടന്‍ കിതച്ചു കൊണ്ടു പറഞ്ഞു..

എന്റെ ഹൃദയം പിടഞ്ഞു..ശാലു,..അവളെക്കുറിച്ചൊന്നും കുഞ്ഞേട്ടന്‍ പറഞ്ഞില്ല.ഇനി ...അവള്‍....

'നിന്റെ കുടുംബമൊക്കെ വന്നിട്ടുണ്ടോ?..അപ്പോ താമസം തറവാട്ടിലാവും അല്ലേ?''

'കുടുംബം ....അവള്‍ രണ്ടു മാസം മുന്‍പ് പോയി..''

മക്കളൊക്കെ..?'കുഞ്ഞേട്ടന്‍ ചോദിച്ചുകൊണ്ടേയിരുന്നു...

'ഇല്ല'' ഞാന്‍ നെടുവീര്‍പ്പിട്ടു.

കുഞ്ഞേട്ടന്‍ കസേരയില്‍ ചാഞ്ഞിരുന്ന് എന്നെത്തന്നെ നോക്കി.

'അവനെ..അവനെ ഒന്ന് കാണണമെന്നുണ്ട്' ഞാന്‍ പതുക്കെ പറഞ്ഞു.

'ഇങ്ങോട്ടു വന്നിട്ടും കുറേ കൊല്ലായി..ഇനിയിപ്പോ...'

ഇനി എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ എണീറ്റു.

'ഞാനിറങ്ങട്ടെ കുഞ്ഞേട്ടാ..ഇനി ഒന്നിനും വയ്യ'

''വിശ്വന്‍ പോകാന്‍ തുടങ്ങുകയാണോ?' പിറകില്‍ ജാനുവേടത്തി വിളിച്ചു,

വയല്‍ വരമ്പിലൂടെ മുന്നോട്ടു നടന്നു,..വയല്‍ തീരുന്നിടത്ത് പുഴ തുടങ്ങുകയായി..ഉച്ചനേരമായതുകൊണ്ടാവും പുഴ ശാന്തമാണ് ..പുഴയിലേക്കിറങ്ങി...ഇനി ഒരു തിരിഞ്ഞു നോട്ടം ആഗ്രഹിക്കാത്ത മനസ്സുമായി....ആഴങ്ങളിലേക്ക്.....കാല്‍പ്പാദം മുതല്‍ തണുപ്പ് അരിച്ചു കേറുന്നു, പെട്ടെന്ന് ഒഴുക്കു കൂടിയോ..? കാലിനടിയില്‍ നിന്നും മണല്‍ വഴുതി മാറുന്നത് ഞാന്‍ അറിഞ്ഞതേ ഇല്ല..

Friday, January 28, 2011

ഒരുവട്ടം കൂടി....

കൌമാരകാലത്തെ കോളേജ് ദിനങ്ങളെപ്പറ്റിയാകട്ടെ ഇത്തവണ .

റബ്ബര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട കുന്നിന്‍ മുകളിലാണ് ശ്രീകണ്ടാപുരം എസ് ഇ എസ് കോളേജ്, റബ്ബര്‍ തോട്ടങ്ങളിലൂടെ വള്ഞ്ഞു‍പുളഞ്ഞാണ് കോളേജിലേക്കുള്ള റോഡ്.കുടിയേറ്റ മേഖലയിലെ ബാല്യാവസ്ഥ പിന്നിട്ടില്ലാത്ത ഈ കോളേജാണ് എന്റെ ''പ്രീഡിഗ്രീ'' ഗുരുകുലം.(ശ്രീനിവാസന്‍ സ്റ്റൈലില്‍ പറഞ്ഞാല്‍ പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല'') ഈ കോളേജില്‍ പ്രീഡിഗ്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ സമയത്ത്, പക്ഷേ പിള്ളേരുടെ കയ്യിലിരുപ്പ് പീജിയാണെന്നു മാത്രം.  തുടര്‍ വിദ്യാഭ്യാസത്തിന് പതിനഞ്ചും ഇരുപതും കിലോമീറ്ററുകള്‍ അകലെയുള്ള മട്ടന്നൂര്‍ പി ആര്‍ എന്‍ എസ് എസ് അല്ലെങ്കില്‍ തളിപ്പറമ്പ് സര്‍സയ്യദ് കോളേജുകളെ ആശ്രയിക്കണം. വീട്ടിനടുത്തായതിനാല്‍ ഞാന്‍ ഇവിടെത്തന്നെ ചേര്‍ന്നു, നടന്നെത്താവുന്ന ദൂരം മാത്രം. നാലു ഗ്രൂപ്പുകളിലായി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു ആ സമയത്ത്. പിന്നീട് ഡിഗ്രീ കോഴ്സുകള്‍ തുടങ്ങിയെങ്കിലും അധികം വൈകാതെ പ്രീഡിഗ്രി നിര്‍ത്തലാക്കിക്കഴിഞ്ഞിരുന്നു. നല്ല എന്‍ സി സി,എന്‍ എസ് എസ് യൂനിറ്റുകള്‍ ഉണ്ട് ഇപ്പോഴും.കെമിസ്റ്റ്രി, ഫിസിക്സ്,സുവോളജി,ബോട്ടണി ലാബുകള്‍ ഒരു ലൈബ്രറി,സ്പോര്‍ട്സ് റൂം പിന്നെ സ്റ്റാഫ്, ഓഫീസ് റൂമുകള്‍, ക്ലാസ് റൂമുകള്‍ എല്ലാര്‍ക്കും കുറ്റം പറയാനുള്ള കാന്റീനും തീര്‍ന്നു സൌകര്യങ്ങള്‍.
ഇതു കൂടാതെ ആരും മറക്കാനിടയില്ലാത്ത അപ്പന്റെ കാന്റീനും- കോളേജ് കാന്റീന്‍ ഏവര്‍ക്കും ''ഏറെ പ്രിയപ്പെട്ടതായതിനാല്‍'' കേമ്പസിനു വെളിയിലുള്ള അപ്പന്റെ സ്വന്തം കാന്റീനിലെ ഉണ്ടന്‍പൊരിക്കും പരിപ്പുവടക്കുമൊക്കെ ആരാധകര്‍ ഏറെയായിരുന്നു.
എല്ലാ രാഷ്ടീയ കക്ഷികളുടെയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് നല്ല വേരോട്ടമുണ്ടായിരുന്ന ഈ കോളേജില്‍ സംഭവ ബഹുലമായിരുന്നു ഓരോ ദിവസവും...പ്രത്യേകിച്ച് ഇലക്ഷന്‍, ആര്‍ട്സ് ഡേ,കോളേജ് ഡേ അടുത്ത ദിവസങ്ങളില്‍. രാഷ്ടീയ സംഘട്ടനങ്ങള്‍ പതിവായിരുന്നു, എല്ലാം നിസ്സാ‍ര പ്രശ്നങ്ങളില്‍ നിന്നും തുടങ്ങുന്നവയായിരിക്കും.
എതിര്‍ കക്ഷിയുടെ ഇലക്ഷന്‍ ബാനര്‍ നശിപ്പിക്കാന്‍ മരത്തിനു മുകളില്‍ കയറി തഴെ വീണ്, പിറ്റേ ദിവസം കൈയ്യില്‍ ബാന്‍ഡേജൊക്കെയിട്ട് സുന്ദരനായി ''എന്നെ മറ്റേ കക്ഷിയുടെ ആള്‍ക്കാര്‍ തല്ലി ഈ പരുവത്തിലാക്കിയെന്നും'' പറഞ്ഞ് പെണ്‍പിള്ളേരുടെ സഹതാപം ഇരന്നു വാങ്ങിയവര്‍....വാകത്തണലുകളില്‍ വളര്‍ന്നു പന്തലിച്ച കുറേ പ്രണയങ്ങള്‍... .എത്ര എഴുതിയാലും തീരില്ല ഇവിടത്തെ കഥകള്‍.
ഇന്നും മനസ്സിലുണ്ട് സെക്കന്റ് ഈയറിലെ കോളേജ് ഡേ- എല്ലായിടത്തും വില്ലന്മാര്‍ക്ക് ഒരേ സ്വഭാവമാണല്ലോ കലാ പരിപാടികളെ പ്രോത്സാഹിപ്പിക്കാന്‍ ഇക്കുറി ചീമുട്ടക്കു പകരം ചീഞ്ഞ കശുമാങ്ങയായിരുന്നു, ആരും ബഹളമുണ്ടാക്കരുത് എന്നു പറഞ്ഞു സ്റ്റേജിലേക്കു വന്ന ഹിന്ദിസാറിന്റെ മുന്നിലൂടെ അതിഥിയുടെ മുഖത്തേക്കു വായുവിലൂടെ റോക്കറ്റ് പോലെ വന്ന ചീഞ്ഞ മാങ്ങ ക്രാഷ് ലാന്റ് ചെയ്തതും കര്‍ട്ടന്‍ വീണു..വിരുതന്മാരെ പൊക്കി...മാപ്പു പറഞ്ഞാല്‍ തിരികെ കയറ്റാമെന്നു പ്രിന്‍സിപ്പാള്‍.. വേണ്ടെന്നു പറഞ്ഞു ഒരുവന്‍ ബോംബെയിലേക്ക് വണ്ടി കയറി.എന്റെ പ്രവാസജീവിതം തുടങ്ങുമ്പോള്‍ ബൊംബെയില്‍ വച്ച് അവന്റെ അതിഥിയായി വീട്ടില്‍ പോയിരുന്നു. ..സ്വന്തം സ്ഥാപനം നടത്തുന്നു.കൂട്ടുകാര്‍ എല്ലാരും മോശമല്ലാത്ത നിലകളിലെത്തിയിരിക്കുന്നു, ഞാനുള്‍പ്പെടെ കുറേ പഹയന്മാര്‍ ഇവിടെ ദോഹയിലും... ഈ കോളേജ് ദിനങ്ങളെപ്പറ്റി ഒര്‍ക്കുമ്പോള്‍ ജോര്‍ജ് സാറിന്റെ പ്രത്യേക താളത്തിലുള്ള ''പ്രൂവ് ദാറ്റ്'', റ്റെസിടീച്ചറുടെ ''അനബെല്‍ ലീ''യുമൊക്കെ ഓര്‍മ്മയിലെത്തും, ഒപ്പം എന്റെ മനസ്സ് ഫസ്റ്റ് ഗ്രൂപ് എ- യിലെ ഒന്നാം നിര ബെഞ്ചിലെ രണ്ടാമന്റേതാകും.

Sunday, December 26, 2010

ഓര്‍മ്മകളില്‍ മഞ്ഞു പെയ്യുമ്പോള്‍ ...

ഇന്നു ക്രിസ്തുമസ്..

മനസ്സ് ഗൃഹാതുരമാകുന്ന മറ്റൊരു ആഘോഷമുഹൂര്‍ത്തം,

വൃശ്ചികക്കാറ്റും... അതു കഴിഞ്ഞാ‌ല്‍‌  മഞ്ഞു പെയ്ത് പെയ്ത്.. തണുത്തു നനഞ്ഞ നടവഴികളും...

വീട്ടില്‍ നല്ല ഒരു നക്ഷത്രവും തൂക്കി ക്രിസ്തുമസിനെ ഞങ്ങള്‍ ക്ഷണിക്കും.

എനിക്ക് പ്രിയതരമായ മറ്റൊരു അന്തരീക്ഷം.

എന്റെ കുട്ടിക്കാലം കണ്ണൂരിലെ ഈ കുടിയേറ്റ ഗ്രാമത്തിലായിരുന്നു.

ഞങ്ങളെക്കൂടാതെ തിരുവിതാംകൂറില്‍ നിന്നും കുടിയേറിയ കൃസ്ത്യന്‍ ഹിന്ദു മതവിഭാഗങ്ങളില്‍പ്പെട്ടവരാണിവിടെയുള്ളത്.

അതില്‍ തന്നെ റോമന്‍ കാതലിക് വിഭാഗത്തില്‍പ്പെട്ട ക്നാനായക്കാരും ഉണ്ട്. വിവാഹം തുടങ്ങി എല്ലാ കാര്യങ്ങളിലും അവരുടേതായ ആചാരരീതികളുള്ളവര്‍.. കല്യാണത്തലേന്ന് ചെക്കന്‍ മധുരം വിളമ്പല്‍ തുടങ്ങിയ രസകരമായ ചടങ്ങുകളും കല്യാണത്തിനു പെണ്ണിനേയും ചെക്കനേയും വീട്ടിലെത്തുമ്പോള്‍ കൈകളിലെടുത്ത് ‘നട’ വിളിയും ഒക്കെ മറ്റു വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്ഥമാണു.

എന്റെ വീടിന് ചുറ്റും ഈ നല്ല അയല്‍ക്കാരായതിനാല്‍ ഓണവും ക്രിസ്തുമസും വിഷുവും ഈസ്റ്ററും എല്ലാം ഞങ്ങള്‍ ഒരുമിച്ചാണോഘോഷിക്കാറ്.

ക്നാനായ വിഭാഗം പണ്ട് മതപ്രചാരണാര്‍ത്ഥം ഇന്ത്യയിലെത്തിയ തോമശ്ലീഹയുടെ കൂടെ വന്നവരുടെ പിന്‍ തലമുറക്കാരെന്നാണ് വിശ്വാസം, അതുകൊണ്ട് ശുദ്ധരക്തം കാത്തുസൂക്ഷിക്കാന്‍ വേണ്ടി മറ്റു ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നു വിവാഹബന്ധങ്ങള്‍ നല്‍കാറും സ്വീകരിക്കാറും പതിവില്ലായിരുന്നു. ഇപ്പോളും സ്ഥിതി വ്യത്യസ്ഥമല്ല. ആയതിനാല്‍ മറ്റു വിഭാഗക്കാര്‍ ഇവരെ ‘’ചാരം കെട്ടികള്‍’’ എന്നു സ്നേഹപൂര്‍വ്വം കളിയാക്കി വിളിക്കാറുണ്ട്. ഇതിനു പിന്നിലെ കഥപറഞ്ഞാല്‍ ചിലപ്പോള്‍ നാട്ടിലിറങ്ങിയാല്‍ പണി കിട്ടും.

കുടിയേറ്റം മലബാറിലെ സാമൂഹ്യമേഖലയില്‍ മൊത്തം മാറ്റങ്ങളുണ്ടാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ അങ്ങനെ പലതും.

ഈ സംസ്കാരം എന്റെയും കൂടപ്പിറപ്പുകളുടേയും വ്യക്തി ജീവിതത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. സംസാരശൈലി വരെ. കണ്ണൂരുകാരെന്നു പരിചയപ്പെടുത്തിയാല്‍ ചോദിക്കും നാട്ടിലെവിടെയാ? (എന്നു വച്ചാല്‍ തിരുവിതാംകൂറില്‍ എവിടെ എന്ന്) കണ്ണൂരില്‍ തന്നെ എന്നു പറഞ്ഞാല്‍ പിന്നെ സംശയം തീരില്ല. കണ്ണൂരിലെ സംസാരശൈലി പ്രസിദ്ധമല്ലേ..കളിയാക്കാനൊന്നുമില്ല, എല്ലാ നാടിനും അതിന്റേതായ മുഖമുദ്രകള്‍ കാണും, സംസാരശൈലി അതിലൊന്നു മാത്രം.

കരോള്‍ പാര്‍ട്ടി രണ്ടുകൂട്ടരുടേയും ഉണ്ടാകും, തിരുപ്പിറവി കാണിച്ചു തരാമെന്നു പറഞ്ഞ് പാതിരാകുര്‍ബ്ബാനക്കു വരെ എന്നെ കൊണ്ടുപോയിട്ടുണ്ട് ചില പഹയന്‍‌മാര്‍. ഓര്‍ക്കുമ്പോള്‍ തന്നെ കുളിരാണ്. മഞ്ഞിങ്ങനെ പെയ്ത് പെയ്ത്...

എന്റെ കൂട്ടുകാരന്‍ പാഞ്ചന്‍, ഇരട്ടപ്പേരാന്നേ... ഇപ്പോ സൌദിയിലാ. ഞങ്ങളുടെ അച്ഛന്മാര്‍ നല്ല സുഹൃത്തുക്കള്‍ ആയതുകൊണ്ടും കൂടുതലും തീറ്റമത്സരത്തിന് അവിടെയാണ് കൂടാറ്. എന്റെ പേര്‍ ചുരുക്കി “രാജി’’ എന്നാ‍ അവന്റെ വീട്ടില്‍ വിളിക്കാറ്. അവന്റെ അമ്മ ഉണ്ടാക്കിത്തന്നിട്ടുള്ള പല പലഹാരങ്ങളുടെയും രുചി ഇന്നും നാവിന്‍ തുമ്പത്ത് തന്നെയുണ്ട്.

“എടാ രാജീ ഈ ചിക്കന്‍ എങ്ങനെയുണ്ട് എന്നു നോക്കിക്കേ’’

എന്നു പറഞ്ഞു തന്ന സാധനം ബീഫ് ആയിരുന്നെന്ന് അറിഞ്ഞത് മൂന്നുനാലു ദിവസത്തെ അലര്‍ജി പ്രമാണിച്ചുള്ള പനിയും വയറിളക്കവും കഴിഞ്ഞ് അവന്റെ അമ്മ എന്നെ കാണാന്‍ വന്നപ്പോഴാണു‍. എനിക്ക് ഇമ്മാതിരി സാധനങ്ങളോട് അലര്‍ജിയുണ്ട്. ചിക്കന്‍ വരെയാകാം എന്നു മാത്രം. അവരു കരുതിയത് ഞാന്‍ ശീലമില്ലാത്തതുകൊണ്ട് പറഞ്ഞതാണെന്നാണു‍. ഇപ്പോഴും ചിക്കന്‍ കഴിക്കേണ്ടി വരുമ്പോള്‍ ഇതു ചിക്കന്‍ തന്നെ എന്ന് ഒന്നുകൂടി ഉറപ്പു വരുത്തിയിട്ടേ കഴിക്കാറുള്ളൂ. ഒരു പാട് നല്ല ഓര്‍മ്മകള്‍ തന്ന അവന്റെ അമ്മ, അര്‍ബുദം സമ്മാനിച്ച വേദനകളും അനുഭവിച്ച് വിളികേള്‍ക്കാത്ത ദൂരത്തേക്ക് പോയി...

ആദ്യമായി നല്ല തെങ്ങിന്‍ കള്ള് കുടിച്ചതും ഇങ്ങനെ ഒരു ക്രിസ്തുമസിനായിരുന്നു.
വളര്‍ന്നപ്പോള്‍ സൌഹൃദവലയത്തിന്റെ വ്യാസം കൂടി, പരിഷ്കാരം കൂടിയ ക്രിസ്തുമസ് ആഘോഷങ്ങള്‍ ...

മരുഭൂവിലിരുന്ന് എന്റെ കുട്ടിക്കാലത്തെ ഈ ദിനങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ ...

ഓര്‍മ്മകളില്‍ ഇപ്പോഴും മഞ്ഞു പെയ്യുന്നുണ്ട്...
ഒരിക്കല്‍ കൂടി എല്ലാര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍ ...

Saturday, December 18, 2010

പട്ടാളസ്വപ്നം


സ്കൂളില്‍ പഠിക്കുന്ന കാലം പട്ടാളത്തില്‍ ചേരണമെന്നായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം.

അടുത്തുള്ള വീട്ടില്‍ ഒരു പട്ടാളം ജോസ് ചേട്ടനുണ്ടായിരുന്നു. ചേട്ടന്‍ ലീവില്‍ വരുമ്പോള്‍ പട്ടാളകഥകള്‍ കേള്‍ക്കുക, (പുളുവടിയായൊന്നും എനിക്കു തോന്നിയിട്ടില്ല കെട്ടോ-) പിന്നെ പറ്റിയാല്‍ അവരുടെ യൂണിഫോം ഒന്നു തൊട്ടു തലോടി ... ഉം..വലുതായിട്ടു വേണം ഇതിനകത്തു കേറി വിലസാന്‍.. എന്നു ആത്മഗതം നടത്തി തിരിച്ചു വരിക...ഇത്രയൊക്കെയേ അന്നു സാധിച്ചിരുന്നുള്ളൂ.

ഹൈസ്കൂളില്‍ ചേര്‍ന്നപ്പോളാവട്ടെ അവിടെ എന്‍. സി.സി പോയിട്ട് ഒരു എന്‍.എസ്.എസ് പോലുമില്ലായിരുന്നു. പിന്നെ പ്രീഡിഗ്രീക്കു അടുത്തു തന്നെയുള്ള കോളേജില്‍ ചേര്‍ന്നപ്പോള്‍ എങ്ങനെയും ആ വര്‍ഷത്തെ ബാച്ചില്‍ കേറിക്കൂടണം എന്നു ആദ്യം തന്നെ ദൃഢ പ്രതിജ്ഞയെടുത്തു.. പിന്നെ സീനിയേര്‍സിനെ കണ്ട് സോപ്പടിക്കുക..എന്‍.സി.സി ഓഫീസറോട് പ്രത്യേകം ഗുഡ്മോര്‍ണിങ് കാച്ചുക എന്നിങ്ങനെ എന്നാലാവുന്നതെല്ലാം ചെയ്തു.. 

ഇപ്പോ എല്ലാര്‍ക്കും സംശയം തോന്നിക്കാണണം ഇതെന്തിനാപ്പാ ഇങ്ങനെ ..നേരെ സെലക്ഷന്‍ ചെന്നാല്‍ പൊരേ എന്ന്...
കാരണം- എന്‍.സി.സി യില്‍ ചേരാനുള്ള മിനിമം ഉയരം- അതു തന്നെ കഷ്ടപ്പെട്ടു വലിഞ്ഞു നിന്നാല്‍ മാത്രമേ കിട്ടൂ..

എന്റെ ഭാഗ്യം..അതോ.... അവസാനക്കാരനായി ഞാനും കേറി ആ ബാച്ചില്‍. സാധാരണ യൂനിഫോം ഷര്‍ട്ടും പാന്റുമൊക്കെ ഒന്നു വീണ്ടും റീ സൈസ് ചെയ്യേണ്ടി വരാറുണ്ട് ഒന്നു പാകമാകാന്‍..എന്റെ ജാതക ദോഷത്തിനു –കിട്ടിയ പാന്റ്റാകട്ടെ എന്നെ പോലുള്ള ഒന്നു രണ്ടു പേര്‍ക്കു സുഖായി കേറിക്കൂടാന്‍ പറ്റിയ റ്റൈപ്പ്. പഠിച്ച എല്ലാ അഭ്യാസങ്ങളും പയറ്റിയിട്ടും വാസുവേട്ടനു അതെനിക്കു പാകമാക്കി തരാന്‍ കഴിഞ്ഞില്ല. അവസാനം ഒരു പാന്റ് കാക്കി കളറ് തന്നെ വേണമെന്നു അച്ചനെക്കൊണ്ട് സമ്മതിപ്പിച്ചു. പിന്നെ ഷൂവിന്റെ കാര്യം...അതു പിന്നെ എന്തായാലും ഊരിപ്പോകാന്‍ മുകളിലെ കെട്ട് സമ്മതിക്കാത്തത് കൊണ്ട് അഡ്ജസ്റ്റാക്കി. കാലു പൊക്കിയാല്‍ ഷൂ ആടിക്കളിക്കും.. എന്റെ സതീര്‍ഥ്യന്‍ ചന്ദ്രന്‍ അവനു പാകമായ ഷൂ,യൂനിഫോം എല്ലാം കിട്ടി..അസൂയപ്പെട്ടിട്ട് കാര്യമില്ല..അവന്‍ മിലിറ്റരി സൈസാ..പോരാത്തതിന്‍ കരാട്ടെയും- അവന്റെ കൂടെ കരട്ടെ പഠിക്കാന്‍ പോയ കഥ വേറെയുണ്ട്, അതു പിന്നെ പറയാം.- പിന്നെ ഷൂ പോളീഷിങ്..ഇസ്തിരിയിടല്‍ ഇത്യാദി സംഭവങ്ങള്‍ കൊണ്ട് വീട്മൊത്തം ഇളക്കി മറിച്ചു...പിന്നേ ലോകത്തിലെ ആദ്യത്തെ കേഡറ്റല്ലേ? ...

എന്തായാലും പരേഡിനു നില്‍ക്കുമ്പോള്‍ ഉയരം കൊണ്ടു ചെറുതെങ്കിലും സന്തോഷവും അഭിമാനവുമൊക്കെക്കൊണ്ട് ഞാന്‍ മൊത്തത്തില്‍ എവറസ്റ്റ് ലെവലിലെത്തിക്കാണണം...

അങ്ങനെ  പരേഡ്  ..
സാവ്ധാന്‍..വിശ്രാം....ദേനേ മൂഡ്..ബായേ മൂഡ്..തേസ് ചല്‍..    ട്രെയിനിങ്ങ് തുടങ്ങി.
 
എന്തിനധികം പറയുന്നു...ലൂസായ ഷൂവും വെയിലും..ഒക്കെ എന്നെ വളരെയധികം പരീക്ഷിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ... പിന്നെ ആയുധ പരിശീലനം...303 യൊക്കെ എനിക്കു പുല്ലാ..(എന്റമ്മോ... ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു വലതു നെഞ്ചില്‍ ആ ചുവന്നു തിണര്‍ത്ത പാട്- (ന്യൂട്ടന്റെ മൂന്നാം നിയമം..)റീ കോയില്‍ ഓഫ് ദ് ഗണ്‍)

പട്ടാളക്കാരേ...നമസ്കരിക്കുന്നു നിങ്ങളെ...ഇതിലും പൊരിവെയിലില്‍..മൈനസ് ഡിഗ്രീ തണുപ്പില്‍ ...ഹോ എനിക്കു ആലോചിക്കാനേ വയ്യേ... ചിട്ടയായ, അച്ചടക്കമുള്ള ജീവിത ശൈലിയും സമര്‍പ്പണ  ബോധവും ഇവരെ കണ്ടു തന്നെ പടിക്കണം..അപവാദങ്ങളുണ്ടാകാം.

അങ്ങനെയിരിക്കെ പയ്യന്നൂര്‍ മുതല്‍ കൊച്ചി വരെ ഒരു സൈക്കിള്‍ പര്യടനം..(ഞങ്ങളുടെ കോളേജുള്‍പ്പെടുന്ന ബറ്റാലിയന്റെ ആസ്ഥാനം പയന്നൂര്‍ ആണ്) എന്‍ സി സി വക..പേരു കൊടുത്തു..സെലക്ഷനു ഞാനും ചന്ദ്രനും പോയി. ഈ കുഞ്ഞനു സൈക്കിള്‍ ഓടിക്കാന്‍ തന്നെ അറിയുമോ എന്നു അവര്‍ക്കു  ഭയങ്കര സംശയം.. കുറേ വര്‍ഷങ്ങളായി സൈക്കിളില്‍ തന്നെയാണ് ജീവിതമെന്നു വരെ പറഞ്ഞു വച്ചു, ചന്ദ്രന്‍ സപ്പോറ്ട്ട് ചെയ്തു. എന്നാല്‍ ഓടിച്ചു കാണിക്കണമെന്നായി...നമ്മളോടാന്നോ കളി... വിജയകരമായി ..വിജയശ്രീലാളിതരായി ഒരാഴ്ച കൊണ്ട് ഞങ്ങള്‍ തിരിച്ചു വന്നു..ഒരു ദിവസം വൈകി എന്നേയുള്ളൂ..കാരണം പറയാം..ഈ മാഹി .. മാഹി എന്നു കേട്ടിട്ടില്ലേ അതു ഞങ്ങളുടെ അയല്‍ ജില്ലയെന്നോ സംസ്ഥാനമെന്നോ പറയാം.. വരുന്ന വഴി ഞങ്ങളിരൊളാള്‍ക്കു വീട്ടിലെ കാര്‍ണോര്‍ക്കു  കൊടുക്കാന്‍ അല്പം മുന്തിയ സാധനം വാങ്ങണമെന്നു..സാറന്മാരറിയാതെ വാങ്ങി..പഹയന്‍ ഉച്ചക്കു വിശ്രമ സമയത്ത് ഒന്നു ടേസ്റ്റ് ചെയ്തു നോക്കി..കാറ്ന്നോറ്ക്കു കൊടുക്കുന്നതല്ലേ എങ്ങനെ കൊള്ളാമോ എന്നു നോക്കണമല്ലോ..സംഗതി ഗംഭീരമെന്നു ഒന്നടിച്ചിട്ട് അവന്‍, ഒന്നു കൂടി നോക്കികളയാം എന്നു കരുതി അവന്‍   വായിലേക്കു കമഴ്ത്തിയതും ..അതാ സാറു മുന്നില്‍...എന്തായാലും ഇങ്ങു കൊണ്ടുവാടാ ഞാന്‍ നോക്കട്ടെ എന്നൊന്നും സാറു പറഞ്ഞില്ലാട്ടോ..മാഹിയില്‍ മദ്യം വളരെ ചീപ്പല്ലേ..എന്തിനാ വെറുതേ ഇതു വാങ്ങിക്കുടിച്ചിട്ടു എന്തിനാ ചീപ്പാകുന്നത് എന്നു കരുതി സാറു ഒരു പ്രഖ്യാപനം നടത്തി...

“ഇന്നത്തെ യാത്ര ഇവിടെ സ്റ്റോപ്...“

(ഇങ്ങനെയൊരു ഐഡിയ തോന്നിപ്പിച്ച പിള്ളേറ്ക്കു നന്ദി പറഞ്ഞിട്ടു സാറു പോയത് സാധനം വങ്ങാന്‍ തന്നെ എന്നു പിന്നാമ്പുറ സംസാരം.)

 വേറെ ഒരു ട്രയിനിങ്ങ് കാമ്പില്‍ കൂടി ഞാന്‍ പങ്കെടുത്തു..കോഴിക്കോട് യൂനിവേര്‍സിറ്റി കാമ്പസില്‍..അത് ഒരു അനുഭവം തന്നെ ആയിരുന്നു എനിക്ക്..

ഇങ്ങനെയൊക്കെ ആണെങ്കിലും വിധി എന്നെ എത്തിച്ചത് ഈ മരുഭൂവില്‍ ..വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി ലേബര്‍ കാമ്പില്‍ എത്തിയപ്പോള്‍  പട്ടാള കാമ്പിലാണെന്നു മനസ്സില്‍ കരുതി ആശ്വസിച്ചു...ഭക്ഷണം മോശമാണെന്നു പറഞ്ഞപ്പോള്‍..

“യെഹീ ഖാനാ മിലേഗാ.. മാംഗ്താ ഹെ തോ രുകോ നഹീ തോ ജാവോ..“

തൃപ്തിയായി ഗോപിയേട്ടാ തൃപ്തിയായി ... പിന്നെ ഒരു പരാതീം പറയാന്‍ പോയിട്ടില്ല. ഇത് മറ്റൊരു ട്രയിനിങ്ങ്.....                  
വര്‍ഷങ്ങള്‍ കഴിഞ്ഞു..ഇന്നും മനസ്സിലുണ്ട് ആ പട്ടാള സ്വപ്നം...
ഇനി മോഹന്‍ലാലിനൊക്കെ കിട്ടിയതു പോലെ വല്ല സംഭാവനയും ആയി കിട്ടിയാലായി...(?,,) 
പട്ടാളക്കാരനാകാനോ പറ്റിയില്ല... 
എന്നാ പിന്നെ പട്ടാളക്കാരന്റെ മോളെ കെട്ടുക, കെട്ടി. 
അതല്ലേ എന്നെക്കൊണ്ട് സാധിക്കൂ..    ജയ്ഹിന്ദ്.....  

Friday, November 19, 2010

പ്രണയമഴ....

 പാതയോരത്തെ റെസ്റ്റോറന്റിലെ നനുത്ത തണുപ്പില്‍ പങ്കജ് ഉദാസിന്റെ ഗസലിനുമൊപ്പം ചായ മൊത്തി കുടിക്കവേ ഞാന്‍ പറഞ്ഞു  
 'കഴിഞ്ഞ ജന്മത്തില്‍ നീ എന്റേതായിരുന്നു, അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം'  
 'സഖാവിന് ഈയിടെയായി സാഹിത്യവും വിശ്വാസവുമൊക്കെ കൂടുന്നുണ്ട് ? ' 
 'ഏയ്...ഒന്നൂല്ല..നിനക്കു വേണ്ടി കുറച്ചു വിട്ടു വീഴ്ച്കകളാവാം എന്നു കരുതി ' .
 പ്രണയം.. എത്ര ഭാവങ്ങളില്‍  ഞങ്ങള്ക്കു മേല്‍ പെയ്തു കൊണ്ടേയിരുന്നു.! 
മഴക്കു പ്രണയിക്കുന്നവരെ ഏറെയിഷ്ടമണെന്നു അവള്‍ .. അതു കേട്ടു മഴ കിലുകിലെ ചിരിച്ചു ഞങ്ങള്‍ക്കു മുന്നില്‍ .    
ആത്മഹത്യാ ഭീഷണിക്കു മുന്പിലാവണം അഛനേയും അമ്മയേയും ഏറെ സ്നേഹിച്ചിരുന്ന  അവള്‍  'വിപിന്‍ , സന്തോഷത്തോടെ നമുക്കു  പിരിയാം' എന്നു  പറഞ്ഞത്..അതും ഇതേ നനഞ്ഞ പാതയോരത്തായിരുന്നു.അല്ലെങ്കിലും   വേറെ കാരണമൊന്നും കണ്ടെത്താന്‍ ഏറെ ശ്രമിച്ചിട്ടും എനിക്കായിരുന്നില്ലല്ലോ...
അതോ..പ്രണയം പെയ്തത് എന്റെ മനസ്സില്‍ മാത്രമയിരുന്നോ?
പ്രണയം നഷ്ടപ്പെടുന്നവരേയും മഴക്കിഷ്ടമാണോ എന്നു അവളോടു ചോദിക്കാന്‍  മറന്നു പോയി. 
 സന്തോഷത്തോടെ പിരിയാം എന്നു അവളെ ആശ്വസിപ്പിച്ചപ്പോളും പെയ്യാന്‍ വിതുമ്പി നില്ക്കു ന്ന പ്രണയമഴ അകന്നു പോകില്ലെന്നുള്ള പ്രതീക്ഷയോടെ തന്നെയായിരുന്നു.  
പിന്നീട്  അവളെപ്പറ്റി ഒരു വിവരവുമില്ലാതായപ്പോള്‍ ....    
വിരഹത്തിന് കയ്പാണ് .. കാഞ്ഞിരത്തിന്റെ കയ്പ്...  
ബോധം മറഞ്ഞ  ദിനങ്ങളില്‍ എന്നോ ...വെളിച്ചത്തിലേക്കു കണ്ണു തുറക്കനിഷ്ടപ്പെടാത്ത എന്നോട്
 ' നിനക്ക് ഒട്ടും ചേരില്ല ഈ വേഷം...ഞങ്ങള്ക്കു വേണം നിന്നെ തിരിച്ച് .. 
കഴിഞ്ഞതൊക്കെയും അനുഭവമാകട്ടെ... എന്നു പറഞ്ഞ കൂട്ടുകാരാ...
നന്ദി.... വീണ്ടും എന്നെ ജീവിതത്തിലേക്കെത്തിച്ചതിന്.. മരവിച്ച മനസ്സുമായി കുറേ നാള്‍ ..
മനസ്സില്‍ നിന്നും മഴയുടെ ഭാവങ്ങള്‍ അകന്നു നിന്നു.  പിന്നീടെപ്പോഴോ മനസ്സു പാകപ്പെട്ടു തുടങ്ങിയപ്പോള്‍ ....
മനസ്സിലെ നെരിപ്പോടടങ്ങിയപ്പോള്‍ ...മഴയെ വീണ്ടും ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോള്‍ ....  
വീണ്ടും മഴ പെയ്ത ഒരു സായാഹ്നം.. പതിവു പോലെ ജോലിത്തിരക്ക്..
വീട്ടിലേക്കും കൂട്ടുകാരുടെ ഇടയിലേക്കുമുള്ള ഓട്ടത്തിനിടയില്‍  കണക്ഷന്‍ ട്രയിനിനു വേണ്ടിയുള്ള കാത്തിരുപ്പില്‍ അടുത്ത സിമന്റ് ബഞ്ചില്‍ കണ്ട മുഖം അവളുടെതായിരുന്നോ...
അറിയേണ്ട..
കാരണം പിന്നീടൊരിക്കലും ഞാനാ മുഖം എവിടേയും തിരയാനിഷ്ടപ്പെട്ടില്ലല്ലോ...
 'വിപിന്‍ ... ' ഒരു പിന്‍ വിളി...
ഒരിക്കല്‍ കേള്ക്കാന്‍ കൊതിച്ചിരുന്ന സ്വരമല്ലേ ഇത്... അല്ല..മനസ്സ് ദൃഡമായി. അപ്പോള്‍ മഴ എന്നെ കുസൃതിയോടെ നോക്കി കണ്ണിറുക്കി ചോദിച്ചു, 
'എന്തിനായിരുന്നുവെന്ന്  അവള്ക്കു  പറയാനുള്ളത് നിനക്ക് കേള്ക്കണ്ടേ..?'
 'വേണ്ട... ഒന്നും കേള്‍ക്കെണ്ടെനിക്ക്  ..' 
സമയമായി എന്നു ട്രയിന്‍ ചൂളം വിളിച്ചോര്‍ മ്മിപ്പിച്ചു. 
എനിക്കെങ്ങനെ അങ്ങനെ പറയാന്‍ കഴിഞ്ഞു?..ഞാനത്ഭുതപ്പെട്ടു.  വിതുമ്പുന്ന മഴക്കു മുന്പിനല്‍ ട്രയിനിലേക്ക് ഓടിക്കയറിയ എന്നിലെ ഇലച്ചാര്‍ ത്തുകള്‍  ആര്‍ദ്രമായിരുന്നു..

Monday, November 1, 2010

ഓര്‍മ്മകളില്‍ ...

             
            ഇരു വശത്തും വലിയ വാകമരങ്ങളുമായി നില്‍ക്കുന്ന സ്റ്റേജ് തന്നെയായിരുന്നു ഈ തിരുമുറ്റത്തേക്കു ആദ്യം വരുന്ന ആരെയും ആകര്‍ഷിച്ചിരുന്നത്, കുമാരന്‍ മാഷിന്റെ പെയിന്റിംഗുകള്‍ പശ്ചാത്തലമാക്കിയുള്ള ഈ സ്റ്റേജ് ഞങ്ങളുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നായിരുന്നു. ഞങ്ങളുടെ എത്രയോ പോക്രിത്തരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഈ കെട്ടിടം ഇന്നില്ല. വാകമരങ്ങളെ മുറിച്ച് മാറ്റിയത്രെ....കെട്ടിടങ്ങളുടെ വികസനത്തിനു വേണ്ടി.....പിന്നെ അങ്ങോട്ടു പോയിനോക്കാന്‍ മനസ്സു വന്നില്ല...ആ മരത്തണലും ഓര്‍മ്മകളും അങ്ങനെ പച്ചയായിരിക്കട്ടെ. എല്ലാര്‍ക്കും അവരവരുടെ നല്ല ഓര്‍മ്മകളുടെ കാലത്തേക്കു തിരിച്ചു പോകാനൊക്കുമെങ്കില്‍...ഞാന്‍ എന്റെയീ ഹൈസ്കൂള്‍ കാലത്തേക്കു തന്നെ പോകും.... സൌഹൃദത്തിന്റെ സമ്പന്നത അത്രക്ക് അസ്വദിച്ചിട്ടുണ്ട്, അതിലേറെയും..എനിക്ക് നല്‍കിയത് ഈ വിദ്യാലയമാണ്.

           ശ്രീകണ്ഠാപുരം ഗവണ്മെന്റ് ഹൈസ്കൂള്‍ ആ പ്രദേശത്തെ മികച്ച നിലവാരമുള്ള സ്കൂളുകളില്‍ ഒന്നായിരുന്നു. ഇന്നിപ്പോ ഹയര്‍ സെക്കണ്ടറിയും ലാബുമൊക്കെയായി ഭയങ്കര സെറ്റപ്പായി. ഈയിടെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. നമ്മുടെ സുകുമാര്‍ അഴീക്കോട് ആയിരുന്നു ഉദ്ഘാടനം,പിന്നെ കുറെ പൂര്‍വ്വവും അപൂര്‍വ്വവുമായ വിദ്യാര്‍ഥികളുടെ ഓര്‍മ്മകള്‍ അയവിറക്കലുകള്‍ ..ഇത്യാദികള്‍ കൊണ്ട് ബഹുലമായിരുന്നു എന്നാണ് പത്രങ്ങള്‍ അറിയിച്ചത്.  ഞാന്‍ പഠിച്ചിരുന്ന കാലത്ത്, കൂടുതല്‍ കുട്ടികളും അഞ്ചും പത്തും കിലോമീറ്ററുകള്‍ ദൂരെയുള്ളവരായിരുന്നു, ഏവരും ബസുകളെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. ചുറ്റുപാടുമുള്ള പഞ്ചായത്തുകളില്‍ നിന്നും കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. അന്നൊക്കെ പത്തു പൈസയല്ലേ നമ്മുടെ കയ്യില്‍ നിന്നും കിട്ടൂ, അതു കൊണ്ടു തന്നെ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ ഇടക്കിടെ സ്നേഹപ്രകടനങ്ങള്‍ പതിവായിരുന്നു. ഞങ്ങളെ കണ്ടാല്‍ നിര്‍ത്താതെ പോകുക, നിയന്ത്രണങ്ങള്‍ , പിന്നെ ജീവനക്കാരുടെ പെരുമാറ്റം..എല്ലാം കൂടി സഹിക്കാന്‍ പറ്റാതായപ്പോള്‍ - പോരാത്തതിനു ഞങ്ങളിലൊരുവനെ ബസില്‍ നിന്നും ഉന്തിത്തള്ളി താഴെയിടുകയും ചെയ്തപ്പോള്‍ - ഞങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സ്കൂളിന്റെ ചരിത്രത്തിലെ വലിയ ബസ് സമരമായി അതു മാറി. അന്ന് പത്രം കിട്ടിയാല്‍ സമരത്തിന് ആഹ്വാനമുണ്ടോ എന്ന് നോക്കാന്‍ മറക്കാറില്ല, അതാരുടേതണെങ്കിലും അന്ന് സ്കൂളില്‍ പോകാന്‍ ഒരു പ്രത്യേക ഉത്സാഹം തന്നെ.
         
                ഇന്നത്തെ തലമുറക്ക് അന്യമായ സ്കൂള്‍ അന്തരീക്ഷം...സ്കൂള്‍ രാഷ്ട്രീയത്തെ ഏതൊക്കെ രീതിയില്‍ ആരൊക്കെ എതിര്‍ത്താലും എന്റെ അഭിപ്രായത്തില്‍ ഈ തലമുറക്ക് അതൊരു  തീരാ നഷ്ടം തന്നെയാണ്. ഇന്നാണെങ്കില്‍ അവരുടെ അഭിപ്രായങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വില കല്‍പ്പിക്കാതെയുള്ള അടിച്ചെൽപ്പിക്കലുകളും     ... പിന്നെ ഈ തലമുറക്ക് എല്ലാം അന്യം നിന്നു പോയെന്ന് പരിതപിച്ചിട്ടു ഒരു കാര്യവുമില്ല, ഒന്നും തിരിച്ചു നല്‍കാതെ ഈ തലമുറയില്‍ നിന്നും നമ്മള്‍ക്ക് പ്രതീക്ഷിക്കാന്‍ അര്‍ ഹതയില്ല. (ഒരു ഉദാഹരണം മാത്രം .. എല്ലാ തലത്തിലും ഇതല്ലേ സത്യം?)
ഒരു മിനി പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വീറും വാശിയുമുണ്ടായിരുന്നു അന്നത്തെ സ്കൂള്‍ ഇലക്ഷന്‍.. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വിപ്ലവ പ്രസ്ഥാനത്തോടുതന്നെ ചേർന്നുനിന്നു ..കൂട്ടുകാരുടെ പിന്തുണയുമൊക്കെയായപ്പോള്‍ നല്ല ധൈര്യം, അങ്ങനെ ഞാനും സ്ഥാനാര്‍ഥിയായി വിജയിച്ചു ...

                ഞങ്ങളുടെ യൂനിറ്റില്‍ അന്നൊക്കെ വല്യേട്ടന്മാർ  സ്റ്റ്ഡി ക്ലാസ് എടുക്കാനും മീറ്റിങ്ങിനുമൊക്കെയായി വരാറുണ്ടായിരുന്നു. അവരൊക്കെയും, രാഷ്ട്രീയത്തില്‍ തുടര്‍ന്ന കൂട്ടുകാരും ഇന്ന് പാര്‍ട്ടിയുടെ ജില്ലാ സംസ്ഥാന നേതൃത്വ നിരയിലുണ്ട്...

                ഈ രാഷ്ട്രീയക്കളികളൊക്കെ ഇലക്ഷനോടു കൂടി തീര്‍ന്നു കേട്ടോ, പിന്നെ എല്ലാ തല്ലുകൊള്ളിത്തരങ്ങള്‍ക്കും നോ രാഷ്ട്രീയം... ഒൺലി  വിദ്യാർത്ഥിഐക്യം .

               അപ്പോ പറഞ്ഞു വരുന്നത് ബസ് സമരത്തെപ്പറ്റിയാണ് - ഈ വിവരങ്ങള്‍ ഹെഡ്മാസ്റ്ററിനെ അപ്പപ്പോള്‍ തന്നെ അറിയിക്കാറുണ്ടായിരുന്നു. നിവൃത്തിയില്ലാതെ അദ്ദേഹം മൌനാനുവാദം നല്‍കി. അങ്ങനെ ഞങ്ങള്‍ തുടങ്ങി ‘’വിദ്യാര്‍ഥി ഐക്യം’’... ‘’സിന്ദാബാദ്” കൂട്ടത്തിലൊരുവൻറെ  മുദ്രാവാക്യം നൂറു കണ്ഠങ്ങള്‍ ഏറ്റുവിളിച്ചു. അങ്ങനെ ബസുകളൊക്കെ തടയലായി,മാപ്പു പറയിക്കലായി, കൂട്ടത്തിലൊരുവന്‍ ഒരു ബസിന്റെ പിറകിലുള്ള ഇന്‍ഡിക്കേറ്ററ് കുത്തിപ്പൊട്ടിച്ചു..അങ്ങനെ സമരം ഉഷാറായി. പച്ച ശശിയുടെ അച്ചന്‍ ബസില്‍ നിന്നിറങ്ങി വന്ന് അവനിട്ട് രണ്ടെണ്ണം പൊട്ടിച്ച് ‘’നീ ഇതിനാണോടാ രാവിലെ ഇങ്ങോട്ട് കെട്ടിയെടുത്തത്”’ എന്നു ചോദിച്ചു. പെണ്‍പിള്ളേര്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്ന ഇങ്ങനെ കുറേ തമാശകള്‍ ഇതിനിടെ നടക്കുന്നുണ്ടായിരുന്നു. അവസാനം പോലീസ് വന്നു, ഞങ്ങളാണെങ്കില്‍ പ്രശ്ന പരിഹാരമുണ്ടാക്കിയാലേ സമരംനിര്‍ത്തൂ എന്നും...അപ്പൊഴേക്കും ആ റൂട്ടിലോടുന്ന ഒട്ടു മുക്കാല്‍ ബസുകളും ഒന്നിനു പിറകെ ഒന്നായി നിറുത്തിയിട്ടു, ആകപ്പാടെ ട്രാഫിക് ജാമായി ഇമ്മിണി വല്യൊരു സംഭവമായി മാറിക്കഴിഞ്ഞിരുന്നു. അവസാനം പൊലീസ് തന്നെ ഇടപെട്ട് മേലാല്‍ ഇതൊന്നും ആവര്‍ത്തിക്കില്ല എന്ന് ബസ് ജീവനക്കാരെ കൊണ്ട് സമ്മതിപ്പിച്ചു, പകരം ഞങ്ങള്‍ ലൈന്‍ ആയി ബസില്‍ കയറണം എന്നും മറ്റുമുള്ള നിബന്ധനകളോടെ സമരം അവസാനിപ്പിച്ചു.

              ഹോ..അങ്ങനെ പുലിവാല്‍ തീര്‍ന്നു കിട്ടി എന്നു സമാധാനിച്ചിരിക്കുമ്പോളാണ് സ്റ്റേഷനില്‍ നിന്നും ഒരു കോണ്‍സ്റ്റബിള്‍ വന്ന് ലീഡറെ എസ് ഐ വിളിക്കുന്നു എന്നറിയിച്ചത്. ഒന്നു പോയി എന്തിനാണെന്ന് നോക്കീട്ട് വരാന്‍ ഹെഡ്മാസ്റ്ററും.. കേട്ടപാതി എന്റെ വിപ്ലവ വീര്യമൊക്കെ ചോര്‍ന്നു പോയി, ആദ്യമായാണ് പലരും പറഞ്ഞ് പേടിപ്പിച്ചിട്ടുള്ള ഈ ‘’അസംസ്കൃത സര്‍വ്വകലാശാല’’യിലേക്കു (എന്റെ പോലീസ് സുഹൃത്തുകള്‍ ക്ഷമിക്കുക) പോകുന്നത്. കൂട്ടിനു വരാന്‍ കൂട്ടുകാരാരും തയ്യാറായില്ല. അങ്ങനെ ഞാന്‍ കോണ്‍സ്റ്റബിള്‍ ഏമാനൊടൊപ്പം നല്ല അനുസരണയുള്ള കുഞ്ഞാടായി നടന്നു...നടക്കുന്നതിനിടയില്‍ ഞാന്‍ ഏമാനോടു ചോദിച്ചു...
‘’ എന്തിനാ എന്നെ വിളിപ്പിച്ചത്..പ്രശ്നങ്ങളൊക്കെ തീറ്ത്തതല്ലേ? പിന്നെ എന്തിനാണ്..ക്ലൂ വല്ലതും..’’
ഏമാനാണെങ്കില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെ..
‘’പിള്ളേര്‍ ഓരൊ വേണ്ടാത്ത പണിക്കിറങ്ങും എന്നിട്ട് മെനക്കേട് ഞങ്ങള്‍ക്കും...’’.
സ്റ്റേഷനില്‍ എത്തി,എന്നോട് പുറത്തെ വരാന്തയില്‍ നില്‍ക്കാന്‍ പറഞ്ഞിട്ട് കോണ്‍സ്റ്റബിള്‍ അകത്തേക്ക് പോയി. കുറെ നേരം നിന്നു, വന്നു പോകുന്നവരൊക്കെ എന്നെ നോക്കി
‘’ഇതേതാ ഈ നരുന്ത് പോക്കിരി? ഇവനിവിടെ എന്താ കാര്യം ’’
എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് കടന്നു പോയി. അവസാനം എന്റെ ഊഴമെത്തി, അപ്പോഴേക്കും എന്റെ ഹൃദയമിടിപ്പ് എന്നേക്കാളും മറ്റുള്ളവര്‍ക്കു കേള്‍ക്കുന്ന വിധത്തിലായി..
‘സാറു വിളിക്കുന്നു’ .
‘എന്താ ലീഡറുടെ പേര്‍?...ഞാന്‍ പേരു പറഞ്ഞു.
‘ആരാ ബസിന്റെ ഇന്‍ഡിക്കേറ്ററ് കുത്തിപ്പൊട്ടിച്ചേ? ...
‘അറിയില്ല സാറ്...
‘’അറിയില്ലേ? ബസ് കണ്ടക്റ്ററ് കമ്പ്ലയിന്റ് തന്നിട്ടുണ്ട്’
‘മേലാല്‍ ഇങ്ങനെയുള്ള സമരവും കൊണ്ടിറങ്ങിയേക്കരുത്... ആ...ഇവിടെ ഒരു ഒപ്പിട്ടിട്ട് പൊയ്ക്കോ’’
ഞാന്‍ ഒപ്പിട്ടു...ഇത്രേയുള്ളൂ.. ഹാവൂ.. പുറത്തിറങ്ങി ഒറ്റയോട്ടം...സ്കൂളിലെത്തിയാ നിന്നത്. കൂട്ടുകാര്‍ ചുറ്റും കൂടി
“നിനക്ക് അടി കിട്ടിയോടാ?”
“ ഏയ്..ഇല്ല..”
             അപ്പോഴേക്കും കൂട്ടുകാർ  ചിരിച്ചുകൊണ്ട് ഓടി അരികിലെത്തി, ഞാന്‍ പോയ ഉടനെ അവരെല്ലാം കൂടി ഹെഡ്മാസ്റ്ററെ പോയി കണ്ടിരുന്നു..
പ്രശ്നമൊന്നുമില്ല എന്നു അവരോടു പറഞ്ഞത്രെ...
അവരോടു തല്‍ക്കാലത്തേക്കു തോന്നിയ ദേഷ്യം അലിഞ്ഞു പോയി.
ദുഷ്ടന്മാര്‍..ഞാന്‍ വെറുതേ ടെന്‍ഷന്‍ അടിച്ചതു ബാക്കി...
അങ്ങനെ എത്ര സമരങ്ങള്‍.....
പലതിന്റേയും കാരണങ്ങള്‍ ഓര്‍ത്താല്‍ ചിരി താനേ വരും.
ഇന്നിന്റെ ശരികള്‍ നാളത്തെ തെറ്റുകളാവാം...തിരിച്ചും..
                 പല സ്കൂള്‍ തമാശകളും ഇവിടെ വിവരിക്കണമെന്നുണ്ട്, കഥ തുടരാന്‍ എന്റെ കൂട്ടുകരോട് അനുവാദം ചോദിക്കട്ടെ. കാരണം കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോട് സാദൃശ്യം തോന്നുമെന്ന് ഉറപ്പല്ലേ...


Friday, October 8, 2010

അമ്മാവനു പറ്റിയ അമളി

നടന്ന സംഭവം തന്നെ, ഞങ്ങളുടെ നാട്ടില്‍ ടെലിഫോണ്‍ അപൂര്‍വ്വ വസ്തു ആയിരുന്ന കാലം. അന്നൊക്കെ പൈസയൊക്കെ അടച്ച് കുറെ കാത്തിരിക്കണം ബി എസ് എന്‍ എല്‍ കാര്‍ കനിയണമെങ്കി‍ല്‍ . നാട്ടിലെ ഫോണ്‍ വിളിച്ചില്ലെങ്കില്‍ ചത്തു പോകുന്ന ആളുകള്‍ ഇങ്ങനെ ക്യൂവില്‍ നില്‍ക്കുന്ന കാലം. ഒരു ദിവസം കേട്ടു കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന കണക്ഷനുകള്‍ കൊടുക്കാന്‍ പോകുന്നു. അമ്പട....കേട്ടപാതി കേള്‍ക്കാത്ത പാതി എല്ലാരും ഫോണാപ്പീസിലെക്ക് വച്ചു പിടിച്ചു. അന്ന് ഇഷ്ട് നമ്പറ് വേണമെങ്കില്‍ കിട്ടും, അതിനായിരുന്നു ഈ ഓട്ടം.

അങ്ങനെ ആ ദിനം വന്നെത്തി.ഞങ്ങള്‍ക്കും കിട്ടി ഒരു ഫോണ്‍..നല്ല പച്ച കളറില്‍ ഒരെണ്ണം. ഇതു കൊണ്ട് എന്തൊക്കെ അഭ്യാസങ്ങള്‍ കാണിക്കണം എന്നായിരുന്നു ഈയുള്ളവന്റെയും കൂടപ്പിറപ്പുകളുടെയും ചിന്ത.

ചില നമ്പറ് ഞെക്കിയാല്‍ ഉടന്‍ അതേ ഫോണ്‍ തന്നെ റിങ് ചെയ്യും. അമ്മക്ക് കുറച്ചു നാളത്തെക്ക് ഇതൊക്കെ തലവേദനയായി എന്നു പറഞ്ഞാല്‍ മതിയല്ലോ. അതുമാത്രമല്ല ഞങ്ങള്‍ക്കും അതൊക്കെ മടുത്തു. അങ്ങനെയിരിക്കെ അമ്മാവന്റെ വീട്ടിലും കണക്ഷന്‍ കിട്ടി. ഞങ്ങളുടെ മനസ്സില്‍ ലഡ്ഡു പൊട്ടി.....അല്ലെങ്കിലും പണി അമ്മാവന്മാറ്ക്കിട്ടു തന്നെ വേണമല്ലോ...!

അമ്മാവനും ഒരു ഇഷ്ട് നമ്പറ് റിക്വസ്റ്റ് കൊടുത്തിരുന്നു. അതു തന്നെ കിട്ടുകയും ചെയ്തു. മൂപ്പര്‍ ഫോണ്‍ കിട്ടിയപാടെ സകലമാന ബന്ധുക്കളുടെയും സുഹൃത്തുകളുടെയും പോരാഞ്ഞ് ഡയറിയിലുള്ള എല്ലാ നമ്പറുകളിലേക്കും വിളിച്ചു പറഞ്ഞു...’’ഡെയ്....ഇവ്ടേം ഫോണ്‍ കിട്ടി..നമ്പറ് ദാ പിടിച്ചൊ...’’

ഇതൊക്കെ കഴിഞ്ഞ് ഇന്‍ കമിങ് പ്രതീക്ഷിച്ചിരുപ്പാണ്‍. മനം പോലെ മംഗല്യം...ദാ വരുന്നൂ ട്ട്...റ്...ണീം.... ട്ട്...റ്...ണീം..... കൂട്ടപ്പാച്ചിലിനൊടുവില്‍ അമ്മായി ഫോണ്‍ കരസ്തമാക്കി. ‘’ഹല്ലോ.....

ഫോണില്‍ നിന്നും...’’ഹല്ലോ.. 456 അല്ലേ..?

റ്റെലിഫോണ്‍ ആപ്പീസിന്നാന്നേ...ഒരു കാര്യം പറയാന്‍ വിളിച്ചതാ..

നിങ്ങള്‍ക്കു തന്ന ഈ 456 നമ്പറ് വെറൊരു കക്ഷിക്കു നേരത്തെ ബുക്കു ചെയ്തതായിരുന്നു, അതു കൊണ്ട് നിങ്ങളുടെ നമ്പറ് ചെയ്ഞ്ച് ചെയ്യുകാ‍ന്നേ...ദാ പിടിച്ചൊ പുതിയ നമ്പറ് 654’’

അപ്പോ നമ്പറ് ഒന്നൂടെ പറഞ്ഞേ...... 654... ശരി....”’

എന്താ സംഭവം? അമ്മാവന്‍ തിരക്കി...

“’നമ്പറ് മാറിയത്രെ..654 ആണ് പുതിയ നമ്പറ്..’’

‘’ഇതെന്തു പണിയാ ഇവരീ കാണിച്ചേ? ഇനി ആരൊടെല്ലാം വിളിച്ചു പറയണം ഈ പുതിയ നമ്പറ്..... ഏതായാലും പറഞ്ഞല്ലേ തീരൂ’’

ഒരു മാസത്തെ ബില്ലിനുള്ള വകുപ്പ് ആദ്യത്തെ വിളിമാമാങ്കത്തിനു തന്നെ ആയി കാണും...

എന്തായാലും വിളിച്ച എല്ലാ നമ്പറുകളിലേക്കും വിളിച്ചു പറഞ്ഞ് ക്ഷീണിച്ച് അവശവിവശനായി അമ്മാവന്‍ കസേരയിലേക്കു ചാഞ്ഞു.

ഇടക്ക് ഫോണിരിക്കുന്നിടത്തെക്കൊന്നു നോക്കി ...പിന്നെ പത്രത്താളിലേക്ക് അലസമായി കണ്ണോടിച്ചു...ഇടക്കൊന്നു വീണ്ടും തിരിഞ്ഞു നോക്കി....ആരു വിളിക്കാന്‍?

എന്റമ്മോ......അത്രയും ചിരിയൊതുക്കി പറഞ്ഞു തീര്‍ക്കാ‍ന്‍ പെട്ട പാട് എനിക്കേ അറിയൂ.. അമ്മായിക്കു എന്റെ സ്വരം മനസ്സിലായേ ഇല്ല.

പിന്നെ രണ്ടു ദിവസം കഴിഞ്ഞ് ടെലിഫോണാപ്പീസ്സില്‍ പോയപ്പോളാണ് മൂപ്പര്‍ക്ക് സംഗതി പിടി കിട്ടിയത്.

“’അതു മാഷിനെ ആരൊ പറ്റിച്ചതാരിക്കും....””

‘’ഇനീപ്പോ വിളിച്ച നമ്പറുകളിലേക്കു വീണ്ടും വിളിക്കണല്ലോ എന്റീശ്വരാ...അവരെന്തു വിചാരിക്കുമോ ആവോ?’’

വാല്‍ക്കഷണം: അമ്മാവന്‍ ബ്ലോഗ് വായിക്കാനിട വന്നാല്‍ അടി ഫ്ലൈറ്റ് കേറി വരും.