Friday, January 28, 2011

ഒരുവട്ടം കൂടി....

കൌമാരകാലത്തെ കോളേജ് ദിനങ്ങളെപ്പറ്റിയാകട്ടെ ഇത്തവണ .

റബ്ബര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട കുന്നിന്‍ മുകളിലാണ് ശ്രീകണ്ടാപുരം എസ് ഇ എസ് കോളേജ്, റബ്ബര്‍ തോട്ടങ്ങളിലൂടെ വള്ഞ്ഞു‍പുളഞ്ഞാണ് കോളേജിലേക്കുള്ള റോഡ്.കുടിയേറ്റ മേഖലയിലെ ബാല്യാവസ്ഥ പിന്നിട്ടില്ലാത്ത ഈ കോളേജാണ് എന്റെ ''പ്രീഡിഗ്രീ'' ഗുരുകുലം.(ശ്രീനിവാസന്‍ സ്റ്റൈലില്‍ പറഞ്ഞാല്‍ പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല'') ഈ കോളേജില്‍ പ്രീഡിഗ്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ സമയത്ത്, പക്ഷേ പിള്ളേരുടെ കയ്യിലിരുപ്പ് പീജിയാണെന്നു മാത്രം.  തുടര്‍ വിദ്യാഭ്യാസത്തിന് പതിനഞ്ചും ഇരുപതും കിലോമീറ്ററുകള്‍ അകലെയുള്ള മട്ടന്നൂര്‍ പി ആര്‍ എന്‍ എസ് എസ് അല്ലെങ്കില്‍ തളിപ്പറമ്പ് സര്‍സയ്യദ് കോളേജുകളെ ആശ്രയിക്കണം. വീട്ടിനടുത്തായതിനാല്‍ ഞാന്‍ ഇവിടെത്തന്നെ ചേര്‍ന്നു, നടന്നെത്താവുന്ന ദൂരം മാത്രം. നാലു ഗ്രൂപ്പുകളിലായി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു ആ സമയത്ത്. പിന്നീട് ഡിഗ്രീ കോഴ്സുകള്‍ തുടങ്ങിയെങ്കിലും അധികം വൈകാതെ പ്രീഡിഗ്രി നിര്‍ത്തലാക്കിക്കഴിഞ്ഞിരുന്നു. നല്ല എന്‍ സി സി,എന്‍ എസ് എസ് യൂനിറ്റുകള്‍ ഉണ്ട് ഇപ്പോഴും.കെമിസ്റ്റ്രി, ഫിസിക്സ്,സുവോളജി,ബോട്ടണി ലാബുകള്‍ ഒരു ലൈബ്രറി,സ്പോര്‍ട്സ് റൂം പിന്നെ സ്റ്റാഫ്, ഓഫീസ് റൂമുകള്‍, ക്ലാസ് റൂമുകള്‍ എല്ലാര്‍ക്കും കുറ്റം പറയാനുള്ള കാന്റീനും തീര്‍ന്നു സൌകര്യങ്ങള്‍.
ഇതു കൂടാതെ ആരും മറക്കാനിടയില്ലാത്ത അപ്പന്റെ കാന്റീനും- കോളേജ് കാന്റീന്‍ ഏവര്‍ക്കും ''ഏറെ പ്രിയപ്പെട്ടതായതിനാല്‍'' കേമ്പസിനു വെളിയിലുള്ള അപ്പന്റെ സ്വന്തം കാന്റീനിലെ ഉണ്ടന്‍പൊരിക്കും പരിപ്പുവടക്കുമൊക്കെ ആരാധകര്‍ ഏറെയായിരുന്നു.
എല്ലാ രാഷ്ടീയ കക്ഷികളുടെയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് നല്ല വേരോട്ടമുണ്ടായിരുന്ന ഈ കോളേജില്‍ സംഭവ ബഹുലമായിരുന്നു ഓരോ ദിവസവും...പ്രത്യേകിച്ച് ഇലക്ഷന്‍, ആര്‍ട്സ് ഡേ,കോളേജ് ഡേ അടുത്ത ദിവസങ്ങളില്‍. രാഷ്ടീയ സംഘട്ടനങ്ങള്‍ പതിവായിരുന്നു, എല്ലാം നിസ്സാ‍ര പ്രശ്നങ്ങളില്‍ നിന്നും തുടങ്ങുന്നവയായിരിക്കും.
എതിര്‍ കക്ഷിയുടെ ഇലക്ഷന്‍ ബാനര്‍ നശിപ്പിക്കാന്‍ മരത്തിനു മുകളില്‍ കയറി തഴെ വീണ്, പിറ്റേ ദിവസം കൈയ്യില്‍ ബാന്‍ഡേജൊക്കെയിട്ട് സുന്ദരനായി ''എന്നെ മറ്റേ കക്ഷിയുടെ ആള്‍ക്കാര്‍ തല്ലി ഈ പരുവത്തിലാക്കിയെന്നും'' പറഞ്ഞ് പെണ്‍പിള്ളേരുടെ സഹതാപം ഇരന്നു വാങ്ങിയവര്‍....വാകത്തണലുകളില്‍ വളര്‍ന്നു പന്തലിച്ച കുറേ പ്രണയങ്ങള്‍... .എത്ര എഴുതിയാലും തീരില്ല ഇവിടത്തെ കഥകള്‍.
ഇന്നും മനസ്സിലുണ്ട് സെക്കന്റ് ഈയറിലെ കോളേജ് ഡേ- എല്ലായിടത്തും വില്ലന്മാര്‍ക്ക് ഒരേ സ്വഭാവമാണല്ലോ കലാ പരിപാടികളെ പ്രോത്സാഹിപ്പിക്കാന്‍ ഇക്കുറി ചീമുട്ടക്കു പകരം ചീഞ്ഞ കശുമാങ്ങയായിരുന്നു, ആരും ബഹളമുണ്ടാക്കരുത് എന്നു പറഞ്ഞു സ്റ്റേജിലേക്കു വന്ന ഹിന്ദിസാറിന്റെ മുന്നിലൂടെ അതിഥിയുടെ മുഖത്തേക്കു വായുവിലൂടെ റോക്കറ്റ് പോലെ വന്ന ചീഞ്ഞ മാങ്ങ ക്രാഷ് ലാന്റ് ചെയ്തതും കര്‍ട്ടന്‍ വീണു..വിരുതന്മാരെ പൊക്കി...മാപ്പു പറഞ്ഞാല്‍ തിരികെ കയറ്റാമെന്നു പ്രിന്‍സിപ്പാള്‍.. വേണ്ടെന്നു പറഞ്ഞു ഒരുവന്‍ ബോംബെയിലേക്ക് വണ്ടി കയറി.എന്റെ പ്രവാസജീവിതം തുടങ്ങുമ്പോള്‍ ബൊംബെയില്‍ വച്ച് അവന്റെ അതിഥിയായി വീട്ടില്‍ പോയിരുന്നു. ..സ്വന്തം സ്ഥാപനം നടത്തുന്നു.കൂട്ടുകാര്‍ എല്ലാരും മോശമല്ലാത്ത നിലകളിലെത്തിയിരിക്കുന്നു, ഞാനുള്‍പ്പെടെ കുറേ പഹയന്മാര്‍ ഇവിടെ ദോഹയിലും... ഈ കോളേജ് ദിനങ്ങളെപ്പറ്റി ഒര്‍ക്കുമ്പോള്‍ ജോര്‍ജ് സാറിന്റെ പ്രത്യേക താളത്തിലുള്ള ''പ്രൂവ് ദാറ്റ്'', റ്റെസിടീച്ചറുടെ ''അനബെല്‍ ലീ''യുമൊക്കെ ഓര്‍മ്മയിലെത്തും, ഒപ്പം എന്റെ മനസ്സ് ഫസ്റ്റ് ഗ്രൂപ് എ- യിലെ ഒന്നാം നിര ബെഞ്ചിലെ രണ്ടാമന്റേതാകും.

5 comments:

  1. പോസ്റ്റും പോസ്റ്റിനൊപ്പമുള്ള ചിത്രവും കലാലയ കാലത്തേക്ക് കൊണ്ട് പോയി .....

    ReplyDelete
  2. മനോഹരമായ കോളേജ് ജീവിതം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചതിനു നന്ദി.

    - ദോഹയില്‍ എവിടെയാ...?

    ReplyDelete
  3. എസ് ഇ എസ് എനിക്ക് നന്നായി അറിയാവുന്ന ഇടം തന്നെ. പഠിച്ചിട്ടില്ല അവിടെ പക്ഷെ വന്നിടുണ്ട് ഒരു പാട് വട്ടം....ജെ. പി സാറിനെ ഒക്കെ അറിയില്ലേ ......സസ്നേഹം

    ReplyDelete
  4. കാമ്പസില്‍ വീണ്ടുമെത്തി

    ReplyDelete