Saturday, December 18, 2010

പട്ടാളസ്വപ്നം


സ്കൂളില്‍ പഠിക്കുന്ന കാലം പട്ടാളത്തില്‍ ചേരണമെന്നായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം.

അടുത്തുള്ള വീട്ടില്‍ ഒരു പട്ടാളം ജോസ് ചേട്ടനുണ്ടായിരുന്നു. ചേട്ടന്‍ ലീവില്‍ വരുമ്പോള്‍ പട്ടാളകഥകള്‍ കേള്‍ക്കുക, (പുളുവടിയായൊന്നും എനിക്കു തോന്നിയിട്ടില്ല കെട്ടോ-) പിന്നെ പറ്റിയാല്‍ അവരുടെ യൂണിഫോം ഒന്നു തൊട്ടു തലോടി ... ഉം..വലുതായിട്ടു വേണം ഇതിനകത്തു കേറി വിലസാന്‍.. എന്നു ആത്മഗതം നടത്തി തിരിച്ചു വരിക...ഇത്രയൊക്കെയേ അന്നു സാധിച്ചിരുന്നുള്ളൂ.

ഹൈസ്കൂളില്‍ ചേര്‍ന്നപ്പോളാവട്ടെ അവിടെ എന്‍. സി.സി പോയിട്ട് ഒരു എന്‍.എസ്.എസ് പോലുമില്ലായിരുന്നു. പിന്നെ പ്രീഡിഗ്രീക്കു അടുത്തു തന്നെയുള്ള കോളേജില്‍ ചേര്‍ന്നപ്പോള്‍ എങ്ങനെയും ആ വര്‍ഷത്തെ ബാച്ചില്‍ കേറിക്കൂടണം എന്നു ആദ്യം തന്നെ ദൃഢ പ്രതിജ്ഞയെടുത്തു.. പിന്നെ സീനിയേര്‍സിനെ കണ്ട് സോപ്പടിക്കുക..എന്‍.സി.സി ഓഫീസറോട് പ്രത്യേകം ഗുഡ്മോര്‍ണിങ് കാച്ചുക എന്നിങ്ങനെ എന്നാലാവുന്നതെല്ലാം ചെയ്തു.. 

ഇപ്പോ എല്ലാര്‍ക്കും സംശയം തോന്നിക്കാണണം ഇതെന്തിനാപ്പാ ഇങ്ങനെ ..നേരെ സെലക്ഷന്‍ ചെന്നാല്‍ പൊരേ എന്ന്...
കാരണം- എന്‍.സി.സി യില്‍ ചേരാനുള്ള മിനിമം ഉയരം- അതു തന്നെ കഷ്ടപ്പെട്ടു വലിഞ്ഞു നിന്നാല്‍ മാത്രമേ കിട്ടൂ..

എന്റെ ഭാഗ്യം..അതോ.... അവസാനക്കാരനായി ഞാനും കേറി ആ ബാച്ചില്‍. സാധാരണ യൂനിഫോം ഷര്‍ട്ടും പാന്റുമൊക്കെ ഒന്നു വീണ്ടും റീ സൈസ് ചെയ്യേണ്ടി വരാറുണ്ട് ഒന്നു പാകമാകാന്‍..എന്റെ ജാതക ദോഷത്തിനു –കിട്ടിയ പാന്റ്റാകട്ടെ എന്നെ പോലുള്ള ഒന്നു രണ്ടു പേര്‍ക്കു സുഖായി കേറിക്കൂടാന്‍ പറ്റിയ റ്റൈപ്പ്. പഠിച്ച എല്ലാ അഭ്യാസങ്ങളും പയറ്റിയിട്ടും വാസുവേട്ടനു അതെനിക്കു പാകമാക്കി തരാന്‍ കഴിഞ്ഞില്ല. അവസാനം ഒരു പാന്റ് കാക്കി കളറ് തന്നെ വേണമെന്നു അച്ചനെക്കൊണ്ട് സമ്മതിപ്പിച്ചു. പിന്നെ ഷൂവിന്റെ കാര്യം...അതു പിന്നെ എന്തായാലും ഊരിപ്പോകാന്‍ മുകളിലെ കെട്ട് സമ്മതിക്കാത്തത് കൊണ്ട് അഡ്ജസ്റ്റാക്കി. കാലു പൊക്കിയാല്‍ ഷൂ ആടിക്കളിക്കും.. എന്റെ സതീര്‍ഥ്യന്‍ ചന്ദ്രന്‍ അവനു പാകമായ ഷൂ,യൂനിഫോം എല്ലാം കിട്ടി..അസൂയപ്പെട്ടിട്ട് കാര്യമില്ല..അവന്‍ മിലിറ്റരി സൈസാ..പോരാത്തതിന്‍ കരാട്ടെയും- അവന്റെ കൂടെ കരട്ടെ പഠിക്കാന്‍ പോയ കഥ വേറെയുണ്ട്, അതു പിന്നെ പറയാം.- പിന്നെ ഷൂ പോളീഷിങ്..ഇസ്തിരിയിടല്‍ ഇത്യാദി സംഭവങ്ങള്‍ കൊണ്ട് വീട്മൊത്തം ഇളക്കി മറിച്ചു...പിന്നേ ലോകത്തിലെ ആദ്യത്തെ കേഡറ്റല്ലേ? ...

എന്തായാലും പരേഡിനു നില്‍ക്കുമ്പോള്‍ ഉയരം കൊണ്ടു ചെറുതെങ്കിലും സന്തോഷവും അഭിമാനവുമൊക്കെക്കൊണ്ട് ഞാന്‍ മൊത്തത്തില്‍ എവറസ്റ്റ് ലെവലിലെത്തിക്കാണണം...

അങ്ങനെ  പരേഡ്  ..
സാവ്ധാന്‍..വിശ്രാം....ദേനേ മൂഡ്..ബായേ മൂഡ്..തേസ് ചല്‍..    ട്രെയിനിങ്ങ് തുടങ്ങി.
 
എന്തിനധികം പറയുന്നു...ലൂസായ ഷൂവും വെയിലും..ഒക്കെ എന്നെ വളരെയധികം പരീക്ഷിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ... പിന്നെ ആയുധ പരിശീലനം...303 യൊക്കെ എനിക്കു പുല്ലാ..(എന്റമ്മോ... ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു വലതു നെഞ്ചില്‍ ആ ചുവന്നു തിണര്‍ത്ത പാട്- (ന്യൂട്ടന്റെ മൂന്നാം നിയമം..)റീ കോയില്‍ ഓഫ് ദ് ഗണ്‍)

പട്ടാളക്കാരേ...നമസ്കരിക്കുന്നു നിങ്ങളെ...ഇതിലും പൊരിവെയിലില്‍..മൈനസ് ഡിഗ്രീ തണുപ്പില്‍ ...ഹോ എനിക്കു ആലോചിക്കാനേ വയ്യേ... ചിട്ടയായ, അച്ചടക്കമുള്ള ജീവിത ശൈലിയും സമര്‍പ്പണ  ബോധവും ഇവരെ കണ്ടു തന്നെ പടിക്കണം..അപവാദങ്ങളുണ്ടാകാം.

അങ്ങനെയിരിക്കെ പയ്യന്നൂര്‍ മുതല്‍ കൊച്ചി വരെ ഒരു സൈക്കിള്‍ പര്യടനം..(ഞങ്ങളുടെ കോളേജുള്‍പ്പെടുന്ന ബറ്റാലിയന്റെ ആസ്ഥാനം പയന്നൂര്‍ ആണ്) എന്‍ സി സി വക..പേരു കൊടുത്തു..സെലക്ഷനു ഞാനും ചന്ദ്രനും പോയി. ഈ കുഞ്ഞനു സൈക്കിള്‍ ഓടിക്കാന്‍ തന്നെ അറിയുമോ എന്നു അവര്‍ക്കു  ഭയങ്കര സംശയം.. കുറേ വര്‍ഷങ്ങളായി സൈക്കിളില്‍ തന്നെയാണ് ജീവിതമെന്നു വരെ പറഞ്ഞു വച്ചു, ചന്ദ്രന്‍ സപ്പോറ്ട്ട് ചെയ്തു. എന്നാല്‍ ഓടിച്ചു കാണിക്കണമെന്നായി...നമ്മളോടാന്നോ കളി... വിജയകരമായി ..വിജയശ്രീലാളിതരായി ഒരാഴ്ച കൊണ്ട് ഞങ്ങള്‍ തിരിച്ചു വന്നു..ഒരു ദിവസം വൈകി എന്നേയുള്ളൂ..കാരണം പറയാം..ഈ മാഹി .. മാഹി എന്നു കേട്ടിട്ടില്ലേ അതു ഞങ്ങളുടെ അയല്‍ ജില്ലയെന്നോ സംസ്ഥാനമെന്നോ പറയാം.. വരുന്ന വഴി ഞങ്ങളിരൊളാള്‍ക്കു വീട്ടിലെ കാര്‍ണോര്‍ക്കു  കൊടുക്കാന്‍ അല്പം മുന്തിയ സാധനം വാങ്ങണമെന്നു..സാറന്മാരറിയാതെ വാങ്ങി..പഹയന്‍ ഉച്ചക്കു വിശ്രമ സമയത്ത് ഒന്നു ടേസ്റ്റ് ചെയ്തു നോക്കി..കാറ്ന്നോറ്ക്കു കൊടുക്കുന്നതല്ലേ എങ്ങനെ കൊള്ളാമോ എന്നു നോക്കണമല്ലോ..സംഗതി ഗംഭീരമെന്നു ഒന്നടിച്ചിട്ട് അവന്‍, ഒന്നു കൂടി നോക്കികളയാം എന്നു കരുതി അവന്‍   വായിലേക്കു കമഴ്ത്തിയതും ..അതാ സാറു മുന്നില്‍...എന്തായാലും ഇങ്ങു കൊണ്ടുവാടാ ഞാന്‍ നോക്കട്ടെ എന്നൊന്നും സാറു പറഞ്ഞില്ലാട്ടോ..മാഹിയില്‍ മദ്യം വളരെ ചീപ്പല്ലേ..എന്തിനാ വെറുതേ ഇതു വാങ്ങിക്കുടിച്ചിട്ടു എന്തിനാ ചീപ്പാകുന്നത് എന്നു കരുതി സാറു ഒരു പ്രഖ്യാപനം നടത്തി...

“ഇന്നത്തെ യാത്ര ഇവിടെ സ്റ്റോപ്...“

(ഇങ്ങനെയൊരു ഐഡിയ തോന്നിപ്പിച്ച പിള്ളേറ്ക്കു നന്ദി പറഞ്ഞിട്ടു സാറു പോയത് സാധനം വങ്ങാന്‍ തന്നെ എന്നു പിന്നാമ്പുറ സംസാരം.)

 വേറെ ഒരു ട്രയിനിങ്ങ് കാമ്പില്‍ കൂടി ഞാന്‍ പങ്കെടുത്തു..കോഴിക്കോട് യൂനിവേര്‍സിറ്റി കാമ്പസില്‍..അത് ഒരു അനുഭവം തന്നെ ആയിരുന്നു എനിക്ക്..

ഇങ്ങനെയൊക്കെ ആണെങ്കിലും വിധി എന്നെ എത്തിച്ചത് ഈ മരുഭൂവില്‍ ..വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി ലേബര്‍ കാമ്പില്‍ എത്തിയപ്പോള്‍  പട്ടാള കാമ്പിലാണെന്നു മനസ്സില്‍ കരുതി ആശ്വസിച്ചു...ഭക്ഷണം മോശമാണെന്നു പറഞ്ഞപ്പോള്‍..

“യെഹീ ഖാനാ മിലേഗാ.. മാംഗ്താ ഹെ തോ രുകോ നഹീ തോ ജാവോ..“

തൃപ്തിയായി ഗോപിയേട്ടാ തൃപ്തിയായി ... പിന്നെ ഒരു പരാതീം പറയാന്‍ പോയിട്ടില്ല. ഇത് മറ്റൊരു ട്രയിനിങ്ങ്.....                  
വര്‍ഷങ്ങള്‍ കഴിഞ്ഞു..ഇന്നും മനസ്സിലുണ്ട് ആ പട്ടാള സ്വപ്നം...
ഇനി മോഹന്‍ലാലിനൊക്കെ കിട്ടിയതു പോലെ വല്ല സംഭാവനയും ആയി കിട്ടിയാലായി...(?,,) 
പട്ടാളക്കാരനാകാനോ പറ്റിയില്ല... 
എന്നാ പിന്നെ പട്ടാളക്കാരന്റെ മോളെ കെട്ടുക, കെട്ടി. 
അതല്ലേ എന്നെക്കൊണ്ട് സാധിക്കൂ..    ജയ്ഹിന്ദ്.....  

10 comments:

 1. ഇസ്തിരിയിട്ട് വടിയാക്കിയതിന്റെ വേദന കയ്യിലിപ്പോഴും ഉണ്ടെങ്കിലും...എനിക്ക് ചിരിച്ചു വയ്യാണ്ടായി.( നിങ്ങളക്കറിയുവോ ഇവന്‍ 50 പൈസയാ അതിനു തരിക)..

  ReplyDelete
 2. എന്റെ ജാതക ദോഷത്തിനു –കിട്ടിയ പാന്റ്റാകട്ടെ എന്നെ പോലുള്ള ഒന്നു രണ്ടു പേര്‍ക്കു സുഖായി കേറിക്കൂടാന്‍ പറ്റിയ റ്റൈപ്പ്.
  :) chirippichu...

  ReplyDelete
 3. എന്നാ പിന്നെ പട്ടാളക്കാരന്റെ മോളെ കെട്ടുക, കെട്ടി.
  അതല്ലേ എന്നെക്കൊണ്ട് സാധിക്കൂ..

  (അത് കൊണ്ടിപ്പോ മാഹിയിൽ പോകണ്ടല്ല അല്ലേ?)

  ജയ്ഹിന്ദ്.....

  ReplyDelete
 4. നല്ല രസുമുണ്ട് വായിയ്ക്കാന്‍...
  എല്ലാവര്‍ക്കും ഉണ്ടാകും ഇങ്ങനെ കുട്ടിക്കാലത്തെ രസകരമായ ഓര്‍മ്മകള്‍. അവ ഓര്‍ത്തെടുത്തു എഴുതാനുള്ള കഴിവ് ഉഗ്രന്‍. അഭിനന്ദനങ്ങള്‍..

  ReplyDelete
 5. രസകരമായ വായന.
  ആശംസകള്‍

  ReplyDelete
 6. ഹ..ഹ. ഇത് വായിച്ചപ്പോള്‍ പഴയ എന്‍.സി.സി കാലഘട്ടം ഓര്‍മ്മവന്നു. ബിജുകുമാര്‍ പറഞ്ഞ പോലെ രസമുണ്ട് വായിക്കാന്‍. എന്നിട്ടെപ്പോഴാ പട്ടാളക്കാരന്റെ മകളെ കെട്ടുന്നത്. കെട്ടുകല്യാണത്തിനു വിളിക്കണേ..ഹി.ഹി

  ReplyDelete
 7. @സുഗന്ധി,ജംസിക്കുട്ടി,ചെറുവാടി- കമന്റുകള്‍ക്ക് നന്ദി.@കുമാരന്‍ - ജയ് ഹിന്ദ് @ബിജു- പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.@ മനോരാജ്-കെട്ടി ഒരു കുട്ടിയുമായി.

  ReplyDelete
 8. നന്നായി എഴുതി രാജേഷേ. പല കഴിവുള്ള ചെറുപ്പക്കാരും അന്നും ഇന്നും പട്ടാള സേവനം സ്വപ്നം കാണാറുണ്ട്. ഞാനാണെങ്കിൽ അതിനെതിരായിരുന്നു.

  ReplyDelete
 9. എന്റെ വല്യേട്ടന് പണ്ട് സെലക്ഷൻ കിട്ടിയപ്പോ ഞാൻ കരഞ്ഞ് ബഹളമുണ്ടാക്കി. പിന്നീട് ഞാൻ വലുതായപ്പോ പട്ടാളത്തിലെത്തുകയും ചെയ്തു.

  ReplyDelete