Saturday, February 19, 2011

അഭയം തേടുന്ന യാത്ര.....

കയറ്റവും ഇറക്കവും താണ്ടി കാര്‍ മുന്നോട്ടു കുതിച്ചു.

മുപ്പതു വര്‍ഷത്തെ അജ്ഞാതവാസം തീരുകയാണിന്ന്..

കണ്ണടച്ചാല്‍ എന്നും മറവി കൊണ്ട് മൂടാന്‍ ശ്രമിക്കുന്നതേ തെളിയുന്നുള്ളൂ,പരിചയമുള്ള കണ്ണുകളെ നേരിടാന്‍ ഇനിയും മനസ്സ് തയ്യാറായില്ലെന്നോ?....

ഞാന്‍ വീണ്ടും കണ്ണടച്ചു..തിരശ്ശീലയിലെന്നോണം തെളിയുകയാണു..ലക്ഷ്യബോധമില്ലാത്ത യാത്ര തുടങ്ങിയതും..എല്ലാം.

അമ്മ പോയപ്പോത്തന്നെ കൂട്ടുകുടുംബത്തില്‍ ഞാനൊരധികപ്പറ്റായി. തകര്‍ന്നുപോയ എനിക്ക് ആകെയുണ്ടായിരുന്ന ആശ്വാസം വേണുവുമായുള്ള ചങ്ങാത്തമായിരുന്നു,പിന്നെ ശാലിനിയും..വാതിലില്‍ പാതി മറഞ്ഞ ചന്ദനക്കുറിയിട്ട മുഖം.. മനസ്സില്‍ ഇന്നും അതു പോലെ തന്നെയുണ്ട്‍...

കാവിലെ ഉത്സവത്തിനു ആറ്റിനക്കരെ നിന്നും വന്നവര്‍ ബഹളമുണ്ടാക്കി,അതിലൊരുവന്‍, മദ്യപിച്ചിരുന്ന അയാള്‍ വേണുവിനു നെരെ തിരിഞ്ഞു..ഞാന്‍ അയാളെ ഒന്നു തള്ളിയതേ ഉള്ളൂ,..ചെന്നു വീണത് കല്ലിന്മേല്‍, ബോധം പൊയ അയാളെ ആശുപത്രിയില്‍ കൊണ്ടുപോയി,.പിറ്റേദിവസം ഞങ്ങളെ അയാളുടെ മരണവാര്‍ത്തയാണു എതിരേറ്റത് . എനിക്കു വേണ്ടി ആരുമറിയാതെ അവന്‍ കുറ്റമേറ്റു,ശാലുവും ഞാനും തമ്മിലുള്ള ബന്ധം  അവന് അറിയാമായിരുന്നെന്ന് അന്ന് ഞാനറിഞ്ഞു ...,പെങ്ങളെ നന്നായി നോക്കിക്കൊള്ളണമെന്നും പറഞ്ഞല്ലേ അവന്‍ പോയത്. ഞാന്‍..പക്ഷേ. .ആകെ പതറിപ്പോയിരുന്നു. അന്ന് എന്താ ചെയ്യേണ്ടത് എന്ന് ഒരെത്തും പിടിയും കിട്ടീല്ല. എല്ലാത്തില്‍ നിന്നും ഒരൊളിച്ചോട്ടം ..അതാണാഗ്രഹിച്ചതും . .എത്തിപ്പെട്ടത് പാലക്കാട്..റെയില്‍വേ സ്റ്റേഷനില്‍, അവിടെ നിന്ന് ഒരു നല്ല മനുഷ്യന്റെ കാരുണ്യത്താല്‍ അയാളുടെ കൂടെ കുറേ വര്‍ഷങ്ങള്‍...ഒടുവില്‍ അദ്ദേഹത്തിന്റെ മകളെ സ്വീകരിക്കണം എന്നുള്ള അപേക്ഷ തള്ളാന്‍ സാധിക്കാതിരുന്നതും.......എല്ലാം ഇന്നലെയെന്നപോലെ.

എല്ലാരേം കാണണമെന്നുണ്ടെന്ന് അവള്‍ പറയാറുണ്ടായിരുന്നു, കാഴ്ചയില്ലെങ്കിലും, ഒടുവില്‍ അവളും പോയപ്പോള്‍ വീണ്ടും ഞാന്‍..ഞാന്‍ മാത്രം തനിച്ചായി..

സ്വയം തീര്‍ത്ത വിധി...

'സാര്‍ ,ആല്‍ത്തറയെത്തി, ഇവിടെ നിര്‍ത്തിയാല്‍ മതിയോ?'

മയക്കത്തില്‍ നിന്നും  ഉണര്‍ന്ന ഞാന്‍ കണ്ണട ഊരി തുടച്ച് തിരികെ വച്ചു.
'വേണ്ട, കുറച്ചൂടെ മുന്നോട്ട് പോട്ടെ"..
കാര്‍ വീണ്ടും നീങ്ങി..വളവു കഴിഞ്ഞ് ഒന്ന് ..കുറച്ചൂടെ മുന്നോട്ട്.., രണ്ടാമത്തെ വീട്..ഇവിടെ എവിടെയോ ആയിരുന്നു എന്റെ വേണൂന്റെ വീട്..ഈ കാണുന്നത് ..അത് വീടു തന്നെയോ? , ഞാന്‍ കാറില്‍ നിന്നും ഇറങ്ങി, നടക്കല്ലുകള്‍ എല്ലാം അടര്‍ന്ന് പോയിരിക്കുന്നു.ആള്‍പ്പെരുമാറ്റമില്ലാത്തപോലെ. മുറ്റത്തെ തെങ്ങിന്റെ പ്രേതം നരച്ച മുടികള്‍ക്കിടയിലൂടെ എന്നെ നോക്കി.

‘ആരെ കാണാനാ?’
 കാറിനു സമീപത്തേക്ക് നടന്നെത്തിയ  അപരിചിതന്‍ ചോദിച്ചു , ഒരു കൈയ്യില്‍ നിന്നും സഞ്ചി മറുകൈയിലേക്കു മാറ്റി -നാട്ടുകാരനാണെന്നു തോന്നിപ്പിക്കുന്ന ശരീരഭാഷ.

‘ ഇവിടെ..., ഈ വീട്ടില്‍ ആരുമില്ലേ?’...

‘ഈ വീട്ടിലോ’ അപരിചിതന്റെ വാക്കുകളില്‍ പരിഹാസം.
‘അതേ, അപ്പോള്‍ വേണു ഇവിടയല്ലേ താമസം?’

‘ഇവിടെ ഞാന്‍ വന്നതിനു ശേഷം ആരെയും കണ്ടിട്ടില്ല, പിന്നെ ഇതാരപ്പാ ഈ വേണു?’...

‘എന്നു വച്ചാല്‍ ?’

‘എന്റെ സാറെ, ഞാന്‍ ഇവിടെ വന്നിട്ടിപ്പോ പത്തുപതിനഞ്ചു കൊല്ലായി, ഇനീപ്പോ അതിനു മുന്‍പത്തെ കാര്യമൊന്നും എനിക്കറീല്ല കേട്ടോ..എന്നാല്‍ ആ കാണുന്ന കവലയില്‍‍ ഒന്നു ചോദിച്ചോളൂ’ അപരിചിതന്‍ നടന്നു നീങ്ങി.

കവലയോ?...എന്തായാലും ഒന്നു നോക്കാം, അപ്പു കാര്‍ മുന്നോട്ടുനീക്കി....ഗ്രാമത്തിന്റെ മഖഛായ ആകെ മാറിയിരിക്കുന്നു.വീടുകള്‍,. റോഡ്.. ..ആദ്യം കണ്ട പലചരക്കു കടയില്‍ത്തന്നെ കയറി

‘ ഇവിടെ ..ആ വളവിനപ്പുറത്തുള്ള വീട്ടിലെ വേണു...’

'വേണുവോ?'

'ഇവിടെ ആ വളവിനപ്പുറം ആദ്യം കാണുന്ന വീട്'

‘ഏത് ആ പഴയ പൊളിഞ്ഞു വീഴാറായ ..?’

‘അതേ, അതുതന്നെ’

‘അവരൊക്കെ ഇവിടെനിന്നും പോയിട്ട് കൊല്ലം കുറെയായി കേട്ടോ, കൂടുതല്‍ വിവരമൊന്നും എനിക്കറിഞ്ഞൂടാ’
അയാള്‍ കൈ മലര്‍ത്തി.

‘ആല്‍ത്തറക്കടുത്ത്  ചായക്കച്ചോടം നടത്തിയിരുന്ന കുഞ്ഞേട്ടന്‍ ? ഇപ്പോ ആ കടയും അവിടെയില്ലല്ലോ?’

‘ഓ അതോ അതു റോഡ് വീതി കൂട്ടിയപ്പം സര്‍ക്കാര്‍ പൊളിപ്പിച്ചു, ആളിപ്പോ വീട്ടില്‍ തന്നെയാ..തീരെ വയ്യ’ 

''താമസം ..അവിടെ ആല്‍ത്തറക്കു പിന്നിലുള്ള വഴിയിലൂടെ പോയാല്‍ ...... അവിടെത്തന്നെയല്ലേ?'

'വേണ്ട വേണ്ട ..ഈ നടപ്പാതയിലൂടെ ഇറങ്ങിയാല്‍ മതി..വയല്‍ക്കരയില്‍ കാണുന്ന ആദ്യത്തെ വീടാ...ആല്‍ത്തറക്കു പിന്നിലൂടെയും പോകാം കേട്ടോ'...............

നല്ല സൗഹൃദങ്ങള്‍ കുഞ്ഞേട്ടന്റെ സമ്പാദ്യങ്ങളായിരുന്നു.. കടയില്‍ വരുന്ന ആള്‍ക്കാര്‍ക്ക് അന്നത്തെ പത്ര വിശേഷങ്ങള്‍ പകര്‍ന്നു കൊടുക്കുന്നത് ഒരു ഹരമായിരുന്നു കുഞ്ഞേട്ടന്‌..

'ഞാന്‍ നടന്നോളാം അപ്പൂ,കാര്‍ ഇവിടെ കിടക്കട്ടെ..   വയല്‍ക്കാറ്റേറ്റ് നടന്നിട്ടെത്ര കാലമായി'
അടുത്തെത്തിയപ്പോള്‍ ആല്‍മുത്തശ്ശന്‍ പരിചയഭാവത്തില്‍ തലയാട്ടി, വരാന്‍ വൈകിയതിന്റെ പരിഭവത്തോടെ..

ആല്‍ത്തറയും കടന്ന് എന്റെ ബാല്യവും കൌമാരവും പുതഞ്ഞു കിടക്കുന്ന വയല്‍ വരമ്പിലൂടെ...

പിറകില്‍ ആല്‍ത്തറയിലെ പഴയ കൂട്ടായ്മയല്ലേ ഞാന്‍ കാണുന്നത്? പത്രം ഉയര്‍ത്തിപ്പിടിച്ച് തര്‍‍ക്കിക്കുന്നത് മണിയേട്ടന്‍ തന്നെ..

പുതിയ നടപ്പാത പാടത്തെ രണ്ടായി കീറിയിരിക്കുന്നു...പാതയില്‍ വാഹനങ്ങളുടെ ചക്രങ്ങള്‍ തീര്‍ത്ത സമാന്തര രേഖകള്‍ ..

നേരെ തന്നെ പോയി നോക്കാം, ഊഹം തെറ്റിയില്ല കമുകിന്‍ തോട്ടത്തില്‍ വെള്ള പൂശിയ ഒരു വീട്. 'കുഞ്ഞേട്ടന്റെ വീടല്ലേ?'

'അതേ, അപ്പൂപ്പന്‍ ഉറക്കാന്നു തോന്നുന്നു...ആരാ?'

'അപ്പൂപ്പന്റെ ഒരു പരിചയക്കാരനാ...മോന്റെ പേരെന്താ?' ഒന്നും പറയാതെ അവന്‍ കളിവണ്ടിയുമെടുത്ത് അകത്തൊളിച്ചു.

'ആരാ മനസ്സിലായില്ല..' ജാനു ഏടത്തി ...പ്രായം അവരെ ഏറെ തളര്‍ത്തിയിരിക്കുന്നു.

'ഞാന്‍ ... വിശ്വനാ...വിശ്വനാഥന്‍ , കുന്നുമ്മലെ ശാരദയുടെ മകന്‍ ' ജാനുവേടത്തി സംശയഭാവത്തില്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കി.... 

'എന്റെ കുട്ടീ ....എനിക്കു മനസ്സിലായില്ല കേട്ടോ....വാ കയറിയിരിക്ക്. ഞാന്‍ കുഞ്ഞേട്ടനെ വിളിക്കാം..രണ്ടു ദിവസായി തീരെ വയ്യ.' 

കുഞ്ഞേട്ടന്‍ വരുന്നുണ്ട്...വാതില്‍പ്പടിയില്‍ പിടിച്ച് എന്നെ നോക്കി കിതച്ചുകൊണ്ട് ചോദിച്ചു...
'എനിക്കിപ്പോ കണ്ണൊന്നും പിടിക്കുന്നില്ലാ...വിശ്വന്‍.. പണ്ട് നാടുവിട്ടുപോയ ചെക്കന്‍...അല്ലേ?'നീയിപ്പോ എവിടെയാ?എന്തേ വന്നത് '

കാണേണ്ടത്  അവനെ -വേണൂനെയാണെന്ന് ...എങ്ങിനെ? ഒടുവില്‍ കുഞ്ഞേട്ടന്‍ തന്നെ ചോദിച്ചു
' അവനെ നീ കണ്ടാരുന്നോ? പാവം, എന്തൊക്കെ സഹിച്ചു'
എനിക്കു മുഖമുയര്‍ത്താനേ കഴിയുന്നില്ല.'അവനെ കാണാനാ ഞാന്‍ വന്നത്..പക്ഷേ..' നിലത്തേക്കു നോക്കി ഞാന്‍ പറഞ്ഞു,അപ്പോഴേക്കും കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു.

'ജയിലില്‍ നിന്നും ഒന്നു രണ്ടു തവണ എന്നെ കാണാന്‍ വന്നിരുന്നു,'എന്റെ കൈ പിടിച്ച് കറേ നേരം ഒന്നും മിണ്ടാതിരിക്കും..കുറച്ചു നേരം കരയും കുട്ടികളെപ്പോലെ..പെങ്ങളുടെ കാര്യത്തില്‍ വല്ലാത്ത വിഷമമുണ്ടായിരുന്നു..പിന്നെ വീട് വില്‍ക്കണം എന്നും പറഞ്ഞിരുന്നു,പിന്നെ വന്നില്ലാന്നു തോന്നുന്നു' കുഞ്ഞേട്ടന്‍ കിതച്ചു കൊണ്ടു പറഞ്ഞു..

എന്റെ ഹൃദയം പിടഞ്ഞു..ശാലു,..അവളെക്കുറിച്ചൊന്നും കുഞ്ഞേട്ടന്‍ പറഞ്ഞില്ല.ഇനി ...അവള്‍....

'നിന്റെ കുടുംബമൊക്കെ വന്നിട്ടുണ്ടോ?..അപ്പോ താമസം തറവാട്ടിലാവും അല്ലേ?''

'കുടുംബം ....അവള്‍ രണ്ടു മാസം മുന്‍പ് പോയി..''

മക്കളൊക്കെ..?'കുഞ്ഞേട്ടന്‍ ചോദിച്ചുകൊണ്ടേയിരുന്നു...

'ഇല്ല'' ഞാന്‍ നെടുവീര്‍പ്പിട്ടു.

കുഞ്ഞേട്ടന്‍ കസേരയില്‍ ചാഞ്ഞിരുന്ന് എന്നെത്തന്നെ നോക്കി.

'അവനെ..അവനെ ഒന്ന് കാണണമെന്നുണ്ട്' ഞാന്‍ പതുക്കെ പറഞ്ഞു.

'ഇങ്ങോട്ടു വന്നിട്ടും കുറേ കൊല്ലായി..ഇനിയിപ്പോ...'

ഇനി എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ എണീറ്റു.

'ഞാനിറങ്ങട്ടെ കുഞ്ഞേട്ടാ..ഇനി ഒന്നിനും വയ്യ'

''വിശ്വന്‍ പോകാന്‍ തുടങ്ങുകയാണോ?' പിറകില്‍ ജാനുവേടത്തി വിളിച്ചു,

വയല്‍ വരമ്പിലൂടെ മുന്നോട്ടു നടന്നു,..വയല്‍ തീരുന്നിടത്ത് പുഴ തുടങ്ങുകയായി..ഉച്ചനേരമായതുകൊണ്ടാവും പുഴ ശാന്തമാണ് ..പുഴയിലേക്കിറങ്ങി...ഇനി ഒരു തിരിഞ്ഞു നോട്ടം ആഗ്രഹിക്കാത്ത മനസ്സുമായി....ആഴങ്ങളിലേക്ക്.....കാല്‍പ്പാദം മുതല്‍ തണുപ്പ് അരിച്ചു കേറുന്നു, പെട്ടെന്ന് ഒഴുക്കു കൂടിയോ..? കാലിനടിയില്‍ നിന്നും മണല്‍ വഴുതി മാറുന്നത് ഞാന്‍ അറിഞ്ഞതേ ഇല്ല..





Friday, January 28, 2011

ഒരുവട്ടം കൂടി....

കൌമാരകാലത്തെ കോളേജ് ദിനങ്ങളെപ്പറ്റിയാകട്ടെ ഇത്തവണ .

റബ്ബര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട കുന്നിന്‍ മുകളിലാണ് ശ്രീകണ്ടാപുരം എസ് ഇ എസ് കോളേജ്, റബ്ബര്‍ തോട്ടങ്ങളിലൂടെ വള്ഞ്ഞു‍പുളഞ്ഞാണ് കോളേജിലേക്കുള്ള റോഡ്.കുടിയേറ്റ മേഖലയിലെ ബാല്യാവസ്ഥ പിന്നിട്ടില്ലാത്ത ഈ കോളേജാണ് എന്റെ ''പ്രീഡിഗ്രീ'' ഗുരുകുലം.(ശ്രീനിവാസന്‍ സ്റ്റൈലില്‍ പറഞ്ഞാല്‍ പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല'') ഈ കോളേജില്‍ പ്രീഡിഗ്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ സമയത്ത്, പക്ഷേ പിള്ളേരുടെ കയ്യിലിരുപ്പ് പീജിയാണെന്നു മാത്രം.  തുടര്‍ വിദ്യാഭ്യാസത്തിന് പതിനഞ്ചും ഇരുപതും കിലോമീറ്ററുകള്‍ അകലെയുള്ള മട്ടന്നൂര്‍ പി ആര്‍ എന്‍ എസ് എസ് അല്ലെങ്കില്‍ തളിപ്പറമ്പ് സര്‍സയ്യദ് കോളേജുകളെ ആശ്രയിക്കണം. വീട്ടിനടുത്തായതിനാല്‍ ഞാന്‍ ഇവിടെത്തന്നെ ചേര്‍ന്നു, നടന്നെത്താവുന്ന ദൂരം മാത്രം. നാലു ഗ്രൂപ്പുകളിലായി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു ആ സമയത്ത്. പിന്നീട് ഡിഗ്രീ കോഴ്സുകള്‍ തുടങ്ങിയെങ്കിലും അധികം വൈകാതെ പ്രീഡിഗ്രി നിര്‍ത്തലാക്കിക്കഴിഞ്ഞിരുന്നു. നല്ല എന്‍ സി സി,എന്‍ എസ് എസ് യൂനിറ്റുകള്‍ ഉണ്ട് ഇപ്പോഴും.കെമിസ്റ്റ്രി, ഫിസിക്സ്,സുവോളജി,ബോട്ടണി ലാബുകള്‍ ഒരു ലൈബ്രറി,സ്പോര്‍ട്സ് റൂം പിന്നെ സ്റ്റാഫ്, ഓഫീസ് റൂമുകള്‍, ക്ലാസ് റൂമുകള്‍ എല്ലാര്‍ക്കും കുറ്റം പറയാനുള്ള കാന്റീനും തീര്‍ന്നു സൌകര്യങ്ങള്‍.
ഇതു കൂടാതെ ആരും മറക്കാനിടയില്ലാത്ത അപ്പന്റെ കാന്റീനും- കോളേജ് കാന്റീന്‍ ഏവര്‍ക്കും ''ഏറെ പ്രിയപ്പെട്ടതായതിനാല്‍'' കേമ്പസിനു വെളിയിലുള്ള അപ്പന്റെ സ്വന്തം കാന്റീനിലെ ഉണ്ടന്‍പൊരിക്കും പരിപ്പുവടക്കുമൊക്കെ ആരാധകര്‍ ഏറെയായിരുന്നു.
എല്ലാ രാഷ്ടീയ കക്ഷികളുടെയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് നല്ല വേരോട്ടമുണ്ടായിരുന്ന ഈ കോളേജില്‍ സംഭവ ബഹുലമായിരുന്നു ഓരോ ദിവസവും...പ്രത്യേകിച്ച് ഇലക്ഷന്‍, ആര്‍ട്സ് ഡേ,കോളേജ് ഡേ അടുത്ത ദിവസങ്ങളില്‍. രാഷ്ടീയ സംഘട്ടനങ്ങള്‍ പതിവായിരുന്നു, എല്ലാം നിസ്സാ‍ര പ്രശ്നങ്ങളില്‍ നിന്നും തുടങ്ങുന്നവയായിരിക്കും.
എതിര്‍ കക്ഷിയുടെ ഇലക്ഷന്‍ ബാനര്‍ നശിപ്പിക്കാന്‍ മരത്തിനു മുകളില്‍ കയറി തഴെ വീണ്, പിറ്റേ ദിവസം കൈയ്യില്‍ ബാന്‍ഡേജൊക്കെയിട്ട് സുന്ദരനായി ''എന്നെ മറ്റേ കക്ഷിയുടെ ആള്‍ക്കാര്‍ തല്ലി ഈ പരുവത്തിലാക്കിയെന്നും'' പറഞ്ഞ് പെണ്‍പിള്ളേരുടെ സഹതാപം ഇരന്നു വാങ്ങിയവര്‍....വാകത്തണലുകളില്‍ വളര്‍ന്നു പന്തലിച്ച കുറേ പ്രണയങ്ങള്‍... .എത്ര എഴുതിയാലും തീരില്ല ഇവിടത്തെ കഥകള്‍.
ഇന്നും മനസ്സിലുണ്ട് സെക്കന്റ് ഈയറിലെ കോളേജ് ഡേ- എല്ലായിടത്തും വില്ലന്മാര്‍ക്ക് ഒരേ സ്വഭാവമാണല്ലോ കലാ പരിപാടികളെ പ്രോത്സാഹിപ്പിക്കാന്‍ ഇക്കുറി ചീമുട്ടക്കു പകരം ചീഞ്ഞ കശുമാങ്ങയായിരുന്നു, ആരും ബഹളമുണ്ടാക്കരുത് എന്നു പറഞ്ഞു സ്റ്റേജിലേക്കു വന്ന ഹിന്ദിസാറിന്റെ മുന്നിലൂടെ അതിഥിയുടെ മുഖത്തേക്കു വായുവിലൂടെ റോക്കറ്റ് പോലെ വന്ന ചീഞ്ഞ മാങ്ങ ക്രാഷ് ലാന്റ് ചെയ്തതും കര്‍ട്ടന്‍ വീണു..വിരുതന്മാരെ പൊക്കി...മാപ്പു പറഞ്ഞാല്‍ തിരികെ കയറ്റാമെന്നു പ്രിന്‍സിപ്പാള്‍.. വേണ്ടെന്നു പറഞ്ഞു ഒരുവന്‍ ബോംബെയിലേക്ക് വണ്ടി കയറി.എന്റെ പ്രവാസജീവിതം തുടങ്ങുമ്പോള്‍ ബൊംബെയില്‍ വച്ച് അവന്റെ അതിഥിയായി വീട്ടില്‍ പോയിരുന്നു. ..സ്വന്തം സ്ഥാപനം നടത്തുന്നു.കൂട്ടുകാര്‍ എല്ലാരും മോശമല്ലാത്ത നിലകളിലെത്തിയിരിക്കുന്നു, ഞാനുള്‍പ്പെടെ കുറേ പഹയന്മാര്‍ ഇവിടെ ദോഹയിലും... ഈ കോളേജ് ദിനങ്ങളെപ്പറ്റി ഒര്‍ക്കുമ്പോള്‍ ജോര്‍ജ് സാറിന്റെ പ്രത്യേക താളത്തിലുള്ള ''പ്രൂവ് ദാറ്റ്'', റ്റെസിടീച്ചറുടെ ''അനബെല്‍ ലീ''യുമൊക്കെ ഓര്‍മ്മയിലെത്തും, ഒപ്പം എന്റെ മനസ്സ് ഫസ്റ്റ് ഗ്രൂപ് എ- യിലെ ഒന്നാം നിര ബെഞ്ചിലെ രണ്ടാമന്റേതാകും.