Sunday, December 26, 2010

ഓര്‍മ്മകളില്‍ മഞ്ഞു പെയ്യുമ്പോള്‍ ...

ഇന്നു ക്രിസ്തുമസ്..

മനസ്സ് ഗൃഹാതുരമാകുന്ന മറ്റൊരു ആഘോഷമുഹൂര്‍ത്തം,

വൃശ്ചികക്കാറ്റും... അതു കഴിഞ്ഞാ‌ല്‍‌  മഞ്ഞു പെയ്ത് പെയ്ത്.. തണുത്തു നനഞ്ഞ നടവഴികളും...

വീട്ടില്‍ നല്ല ഒരു നക്ഷത്രവും തൂക്കി ക്രിസ്തുമസിനെ ഞങ്ങള്‍ ക്ഷണിക്കും.

എനിക്ക് പ്രിയതരമായ മറ്റൊരു അന്തരീക്ഷം.

എന്റെ കുട്ടിക്കാലം കണ്ണൂരിലെ ഈ കുടിയേറ്റ ഗ്രാമത്തിലായിരുന്നു.

ഞങ്ങളെക്കൂടാതെ തിരുവിതാംകൂറില്‍ നിന്നും കുടിയേറിയ കൃസ്ത്യന്‍ ഹിന്ദു മതവിഭാഗങ്ങളില്‍പ്പെട്ടവരാണിവിടെയുള്ളത്.

അതില്‍ തന്നെ റോമന്‍ കാതലിക് വിഭാഗത്തില്‍പ്പെട്ട ക്നാനായക്കാരും ഉണ്ട്. വിവാഹം തുടങ്ങി എല്ലാ കാര്യങ്ങളിലും അവരുടേതായ ആചാരരീതികളുള്ളവര്‍.. കല്യാണത്തലേന്ന് ചെക്കന്‍ മധുരം വിളമ്പല്‍ തുടങ്ങിയ രസകരമായ ചടങ്ങുകളും കല്യാണത്തിനു പെണ്ണിനേയും ചെക്കനേയും വീട്ടിലെത്തുമ്പോള്‍ കൈകളിലെടുത്ത് ‘നട’ വിളിയും ഒക്കെ മറ്റു വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്ഥമാണു.

എന്റെ വീടിന് ചുറ്റും ഈ നല്ല അയല്‍ക്കാരായതിനാല്‍ ഓണവും ക്രിസ്തുമസും വിഷുവും ഈസ്റ്ററും എല്ലാം ഞങ്ങള്‍ ഒരുമിച്ചാണോഘോഷിക്കാറ്.

ക്നാനായ വിഭാഗം പണ്ട് മതപ്രചാരണാര്‍ത്ഥം ഇന്ത്യയിലെത്തിയ തോമശ്ലീഹയുടെ കൂടെ വന്നവരുടെ പിന്‍ തലമുറക്കാരെന്നാണ് വിശ്വാസം, അതുകൊണ്ട് ശുദ്ധരക്തം കാത്തുസൂക്ഷിക്കാന്‍ വേണ്ടി മറ്റു ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നു വിവാഹബന്ധങ്ങള്‍ നല്‍കാറും സ്വീകരിക്കാറും പതിവില്ലായിരുന്നു. ഇപ്പോളും സ്ഥിതി വ്യത്യസ്ഥമല്ല. ആയതിനാല്‍ മറ്റു വിഭാഗക്കാര്‍ ഇവരെ ‘’ചാരം കെട്ടികള്‍’’ എന്നു സ്നേഹപൂര്‍വ്വം കളിയാക്കി വിളിക്കാറുണ്ട്. ഇതിനു പിന്നിലെ കഥപറഞ്ഞാല്‍ ചിലപ്പോള്‍ നാട്ടിലിറങ്ങിയാല്‍ പണി കിട്ടും.

കുടിയേറ്റം മലബാറിലെ സാമൂഹ്യമേഖലയില്‍ മൊത്തം മാറ്റങ്ങളുണ്ടാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ അങ്ങനെ പലതും.

ഈ സംസ്കാരം എന്റെയും കൂടപ്പിറപ്പുകളുടേയും വ്യക്തി ജീവിതത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. സംസാരശൈലി വരെ. കണ്ണൂരുകാരെന്നു പരിചയപ്പെടുത്തിയാല്‍ ചോദിക്കും നാട്ടിലെവിടെയാ? (എന്നു വച്ചാല്‍ തിരുവിതാംകൂറില്‍ എവിടെ എന്ന്) കണ്ണൂരില്‍ തന്നെ എന്നു പറഞ്ഞാല്‍ പിന്നെ സംശയം തീരില്ല. കണ്ണൂരിലെ സംസാരശൈലി പ്രസിദ്ധമല്ലേ..കളിയാക്കാനൊന്നുമില്ല, എല്ലാ നാടിനും അതിന്റേതായ മുഖമുദ്രകള്‍ കാണും, സംസാരശൈലി അതിലൊന്നു മാത്രം.

കരോള്‍ പാര്‍ട്ടി രണ്ടുകൂട്ടരുടേയും ഉണ്ടാകും, തിരുപ്പിറവി കാണിച്ചു തരാമെന്നു പറഞ്ഞ് പാതിരാകുര്‍ബ്ബാനക്കു വരെ എന്നെ കൊണ്ടുപോയിട്ടുണ്ട് ചില പഹയന്‍‌മാര്‍. ഓര്‍ക്കുമ്പോള്‍ തന്നെ കുളിരാണ്. മഞ്ഞിങ്ങനെ പെയ്ത് പെയ്ത്...

എന്റെ കൂട്ടുകാരന്‍ പാഞ്ചന്‍, ഇരട്ടപ്പേരാന്നേ... ഇപ്പോ സൌദിയിലാ. ഞങ്ങളുടെ അച്ഛന്മാര്‍ നല്ല സുഹൃത്തുക്കള്‍ ആയതുകൊണ്ടും കൂടുതലും തീറ്റമത്സരത്തിന് അവിടെയാണ് കൂടാറ്. എന്റെ പേര്‍ ചുരുക്കി “രാജി’’ എന്നാ‍ അവന്റെ വീട്ടില്‍ വിളിക്കാറ്. അവന്റെ അമ്മ ഉണ്ടാക്കിത്തന്നിട്ടുള്ള പല പലഹാരങ്ങളുടെയും രുചി ഇന്നും നാവിന്‍ തുമ്പത്ത് തന്നെയുണ്ട്.

“എടാ രാജീ ഈ ചിക്കന്‍ എങ്ങനെയുണ്ട് എന്നു നോക്കിക്കേ’’

എന്നു പറഞ്ഞു തന്ന സാധനം ബീഫ് ആയിരുന്നെന്ന് അറിഞ്ഞത് മൂന്നുനാലു ദിവസത്തെ അലര്‍ജി പ്രമാണിച്ചുള്ള പനിയും വയറിളക്കവും കഴിഞ്ഞ് അവന്റെ അമ്മ എന്നെ കാണാന്‍ വന്നപ്പോഴാണു‍. എനിക്ക് ഇമ്മാതിരി സാധനങ്ങളോട് അലര്‍ജിയുണ്ട്. ചിക്കന്‍ വരെയാകാം എന്നു മാത്രം. അവരു കരുതിയത് ഞാന്‍ ശീലമില്ലാത്തതുകൊണ്ട് പറഞ്ഞതാണെന്നാണു‍. ഇപ്പോഴും ചിക്കന്‍ കഴിക്കേണ്ടി വരുമ്പോള്‍ ഇതു ചിക്കന്‍ തന്നെ എന്ന് ഒന്നുകൂടി ഉറപ്പു വരുത്തിയിട്ടേ കഴിക്കാറുള്ളൂ. ഒരു പാട് നല്ല ഓര്‍മ്മകള്‍ തന്ന അവന്റെ അമ്മ, അര്‍ബുദം സമ്മാനിച്ച വേദനകളും അനുഭവിച്ച് വിളികേള്‍ക്കാത്ത ദൂരത്തേക്ക് പോയി...

ആദ്യമായി നല്ല തെങ്ങിന്‍ കള്ള് കുടിച്ചതും ഇങ്ങനെ ഒരു ക്രിസ്തുമസിനായിരുന്നു.
വളര്‍ന്നപ്പോള്‍ സൌഹൃദവലയത്തിന്റെ വ്യാസം കൂടി, പരിഷ്കാരം കൂടിയ ക്രിസ്തുമസ് ആഘോഷങ്ങള്‍ ...

മരുഭൂവിലിരുന്ന് എന്റെ കുട്ടിക്കാലത്തെ ഈ ദിനങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ ...

ഓര്‍മ്മകളില്‍ ഇപ്പോഴും മഞ്ഞു പെയ്യുന്നുണ്ട്...
ഒരിക്കല്‍ കൂടി എല്ലാര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍ ...

13 comments:

  1. ഓര്‍മ്മകള്‍ നന്നായിട്ടുണ്ട് രാജേഷ്. ഇതുപോലുള്ള സ്നേഹസൌഹൃദങ്ങള്‍ വരും തലമുറയ്ക്ക് ഒരു പക്ഷെ കേട്ടറിവു മാ‍ത്രമാകാം അല്ലെ..!

    ReplyDelete
  2. ക്രിസ്തുമസ് ആശംസകള്‍.. .

    ReplyDelete
  3. പ്രാവസികള്‍ക്ക് ഇന്നെല്ലാം ഒരു കിട്ടാകനി. നല്ല ഗൃഹാതുരത്തം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍.
    പുതുവത്സരാശംസകള്‍.

    ReplyDelete
  4. മഞ്ഞ് പെയ്തു കൊണ്ടേ ഇരിക്കട്ടെ...പുതുവത്സരാശംസകള്‍. ....

    ReplyDelete
  5. ക്രിസ്ത്മസ് ഓര്‍മ്മകള്‍ നല്ല ഭാഷയില്‍ പറഞ്ഞു.

    ReplyDelete
  6. കഴിഞ്ഞ തവണ വന്നപ്പോ ഇവിടെ ഫോളോ ഓപ്ഷൻ ഇല്ലായിരുന്നൊ? അത് കാരണമാണെന്നു തോന്നുന്നു ഇത് കാണാതെ പോയത്. എന്തായാലും പ്രവാസിക്ക് പുതുവത്സരാശംസകൾ

    ReplyDelete
  7. @ബിജു..അതേ, വരും തലമുറക്ക് അന്യമായേക്കാവുന്ന സൌഹ്രുദ കൂട്ടായ്മ.@ഇളയോടന്‍.. ഇതെല്ലാം കിട്ടാക്കനിയാകുന്നത് പ്രവാസിക്കു മാത്രമാണോ @ ഹാപ്പി ബാച്ചിലേഴ്സ്..ഫോള്ളോ ഓപ്ഷന്‍ മുന്‍പേ ഉണ്ടായിരുന്നു.@ ജംസിക്കുട്ടി,ഹാഷിക്,ജയരാജ്,അക്ബര്‍ ..കമന്റുകള്‍ക്ക് നന്ദി..എല്ലാര്‍ക്കും പുതുവത്സരാശംസകള്‍ ..

    ReplyDelete
  8. ടീച്ചറേ, ഒരു പക്ഷേ പറഞ്ഞാൽ അറിയുമായിരിക്കാം. ശ്രീകണ്ഠാപുരം തന്നെ. എന്റെ ഹൈസ്കൂൾ പഠനം കഴിഞ്ഞാണു ടീച്ചർ അവിടെ പഠിപ്പിക്കാൻ വരുന്നത്....മറ്റു ബ്ലോഗുകളും വായിക്കുമല്ലോ..?

    ReplyDelete
  9. ഓര്‍മ്മകള്‍ നന്നായി അയവിറക്കി. നിലവാരമുള്ള എഴുത്ത്.
    ആശംസകള്‍.
    (ഖത്തര്‍ ബ്ലോഗ്‌ മീറ്റിനെ സംബന്ധിച്ച് താങ്കളുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. താങ്കളുടെ ഫോണ്‍ നമ്പര്‍ ഒന്ന് മെയില്‍ ചെയ്യാമോ? shaisma@gmail.com)

    ReplyDelete
  10. കാലത്തിന്റെ തീരത്തെവിടെയോ വെച്ച് നഷ്ടമായ ബാല്യത്തിന്റെ ചില നല്ല ഓര്മ്മകള്

    ReplyDelete